സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ശക്തമായ തിരിച്ചടി: ഒരു കോളേജും ബാങ്ക് ഗ്യാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി

single-img
10 July 2018

കൊച്ചി: പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നും ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നുവെന്ന പരാതിയില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഒരു കാരണവശാലും ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം എന്‍ട്രന്‍സ് കമ്മീഷണര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നാലു വര്‍ഷത്തെ കോഴ്‌സ് ഫീസ് ബാങ്ക് ഗ്യാരന്റിയായി അടയ്ക്കാന്‍ നിര്‍ദേശിച്ചതിനെതിരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി നവ്യ രാജീവ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ ജൂലായ് 12 നകം അഡ്മിഷന്‍ എടുക്കാനാണ് ഹര്‍ജിക്കാരിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോളേജ് അധികൃതര്‍ നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെങ്കില്‍ അഡ്മിഷന്‍ നഷ്ടമാകുമെന്നായപ്പോഴാണ് കോടതിയെ സമീപിച്ചത്.

കോളേജുകള്‍ ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് നേരത്തെ എന്‍ട്രന്‍സ് കമ്മീഷണറും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പല കോളേജുകളും ഈ നിര്‍ദേശം പാലിക്കാതെ ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നത് തുടരുകയും ചെയ്തു.