‘അത്രയും നാള്‍ ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ടു നടന്ന ചിലര്‍ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷില്‍ തെറി വിളിച്ചു നടന്നു’; ഓര്‍മപ്പെടുത്തലുമായി ദിലീപ് ഓണ്‍ലൈന്‍

single-img
10 July 2018

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു. 85 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ഹൈക്കോടതി ജാമ്യം നല്‍കി താരം പുറത്തിറങ്ങിയെങ്കിലും കേസും വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ അമ്മ സംഘടനയില്‍ ഉണ്ടായ വിവാദം കേസിനെ വീണ്ടും സജീവചര്‍ച്ചയാക്കി. ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പും ഇതിനോടകം ചര്‍ച്ചയാകുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഇന്ന് ജൂലൈ 10. ദിലീപേട്ടന്‍ അറസ്റ്റില്‍ ആയിട്ട് ഒരു വര്‍ഷം. ഈ ഒരു വര്‍ഷത്തില്‍ ഒരുപാട് മനോഹരമായ കാഴ്ചകളും ഞെട്ടിക്കുന്ന കാഴ്ചകളും കാണാന്‍ കഴിഞ്ഞു. അത്രയും നാള്‍ ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ടു നടന്ന ചിലര്‍ ഒറ്റ രാത്രികൊണ്ട് ഇംഗ്ലിഷില്‍ തെറി വിളിച്ചു നടക്കുന്നത് കണ്ടു, അതും സത്യം എന്തെന്ന് മനസ്സിലാക്കാന്‍ പോലും ശ്രമിക്കാതെ, അല്ലെങ്കില്‍ സത്യം തെളിയുന്നത് വരെ കാത്തു നില്‍ക്കാന്‍ ശ്രമിക്കാതെ. ഒപ്പം ഉണ്ടെന്നു കരുതിയ പലരും അകലുന്നതും അകന്നു നിന്ന പലരും ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നതും കണ്ടു.

ആവശ്യത്തില്‍ അധികം തെളിവുകള്‍; കണ്ടു പിടിച്ചു ദിലീപേട്ടനെ അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രം കൊടുക്കാന്‍ തെളിവുകള്‍ക്കായി നെട്ടോട്ടം ഓടുന്നതും കണ്ടു. പൊലീസ് കണ്ടുപിടിച്ച പല കൂട്ടുപ്രതികളും ദിലീപേട്ടന്‍ നിരപരാധി ആണെന്നും യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വിളിച്ചു പറയുന്നതും കണ്ടു. ഹൈടെക് ഉപകരണങ്ങള്‍ വെച്ച് മാധ്യമങ്ങള്‍ കുറ്റപത്രം ചോര്‍ത്തി എന്ന് പറഞ്ഞ പൊലീസ് ഏമാനെ കോടതി കണ്ടം വഴി ഓടിക്കുന്നത് കണ്ടു.

മറ്റു പ്രതികള്‍ എല്ലാം ജാമ്യം ഇല്ലാതെ ജയിലില്‍ കിടക്കുമ്പോള്‍ ദിലീപേട്ടന് മാത്രം ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം കൊടുക്കുന്നത് കണ്ടു. നാദിര്‍ഷയെയും അപ്പുണ്ണിയെയും കാവ്യയെയും ദാ ഇപ്പൊ അറസ്റ്റ് ചെയ്യും എന്ന് മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്ത കൊടുത്തിട്ട് അവസാനം കോടതിയില്‍ പോയി ഇവര്‍ക്ക് എതിരെ ഒരു തെളിവും ഇല്ലെന്നു പോലീസ് പറയുന്നതും കണ്ടു

ദിലീപിന്റെ സിനിമകള്‍ ഇനി ആര് കാണും എന്ന് ചോദിച്ച മാധ്യമങ്ങള്‍ 50 കോടി കളക്ഷന്‍ നേടിയ രാമലീലയുടെ വിജയാഘോഷത്തെ പറ്റി വാര്‍ത്ത കൊടുക്കുന്നതും കണ്ടു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭക്ക് നാണം കെട്ടു മൂന്നാം പക്കം അത് തുറന്നു കൊടുക്കേണ്ടതായി വന്നു.

ദിലീപേട്ടന്‍ ഭൂമി കയ്യേറി ആണ് ഡി സിനിമാസ് പണിതത് അതുകൊണ്ടു അത് പൊളിച്ചു കളയണം എന്ന് ചാനലില്‍ ഇരുന്നു വിധി എഴുതിയ ചില ചാനല്‍ ജഡ്ജിമാര്‍ ഇപ്പൊ മുന്‍കൂര്‍ ജാമ്യം തേടുന്ന മനോഹരമായ കാഴ്ചകളും കണ്ടു. ദിലീപിന്റെ ഒന്നാം കല്യാണവും രണ്ടു ദിവസം മാധ്യമങ്ങള്‍ ആഘോഷിച്ചു.

#അവളോടൊപ്പം എന്ന ഹാഷ്ടാഗ് ഇട്ടു ഫെയ്‌സ്ബുക്കില്‍ നിറഞ്ഞു നിന്ന പലരുടേം മനസ്സിലിരിപ്പ് #അവനെതിരെ എന്ന് മാത്രം ആയിരുന്നു എന്നും കാലം തെളിയിച്ചു. കുറച്ചു കേസില്ല വക്കീലന്മാര്‍ക്കും പടമില്ലാ സിനിമാക്കാര്‍ക്കും അന്തിചര്‍ച്ചകള്‍ ഒരു വരുമാനം ആകുന്നതും കണ്ടു. ഇനിയും എന്തെല്ലാം കാണാന്‍ കിടക്കുന്നു, അതിനായി കാത്തിരിക്കുന്നു.