റേഞ്ച് ഇല്ലെങ്കിലും ഇനി കോള്‍ ചെയ്യാം; ടെലികോം രംഗത്തെ ഞെട്ടിച്ച് ജിയോ

single-img
5 July 2018

മൊബൈല്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മോശമായ റേഞ്ചാണ്. നിര്‍ണായ ഘട്ടങ്ങളില്‍ കോള്‍ ചെയ്യാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഇത് ഉപഭോക്താക്കളെ വെട്ടിലാക്കാറുണ്ട്. ഇപ്പോള്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി രംഗത്തു വന്നിരിക്കുകയാണ് റിലയന്‍സ് ജിയോ.

വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനം ജിയോ താമസിയാതെ നടപ്പാക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. സിഗ്‌നല്‍ മോശമാണെങ്കില്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. ജിയോ അവതരിപ്പിച്ച ഫീച്ചര്‍ ഫോണില്‍ അതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സേവനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നതെന്ന് അംബാനി വ്യക്തമാക്കി.

ജിയോ ഉപയോക്താക്കള്‍ പരസ്പരം നടത്തുന്ന കോളുകള്‍ക്ക് മാത്രമാകും തുടക്കത്തില്‍ പുതിയ സംവിധാനം ലഭ്യമാകുക. ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിക്കാനാണ് ജിയോ പദ്ധതിയിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയിലും നഗരങ്ങളിലൂം പൊതു സൗജന്യ വൈഫൈ സേവനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. അടുത്ത മാസത്തോടെ 10,000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ രാജ്യത്താകെ സൃഷ്ടിക്കാനാണ് ടെലികോം മന്ത്രാലയത്തിന്റെ പരിപാടി.

എജിഎമ്മില്‍ അംബാനി ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസായ ജിയോജിഗാഫൈബറും അവതരിപ്പിച്ചു.
ജിയോയുടെ വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞതായി മുകേഷ് അംബാനി പൊതുയോഗത്തില്‍ പറഞ്ഞു. 2016 സെപ്റ്റംബറില്‍ ജിയോ അവതരിപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ നേട്ടം നേടാന്‍ സഹായിച്ചത് ജിയോ ഫീച്ചര്‍ ഫോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ 500 മില്യണ്‍ ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കളുണ്ടെന്നാണ് കരുതുന്നത്.