Crime

ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മരണഡയറിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; മന്ത്രവാദിയുടെയോ ആള്‍ദൈവത്തിന്റെയോ പങ്ക് പൊലീസ് അന്വേഷിക്കുന്നു

ഡെല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. പതിനൊന്നുപേരുടെയും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ ലഭിച്ചിരുന്നു. പതിനൊന്നു പേരും ആത്മഹത്യ ചെയ്തതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ കുടുംബം ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നുമാണ് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം മരണത്തിനായി തയ്യാറായിരുന്ന ഇവര്‍ ഭൂചലനത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് കുടുംബത്തില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് പറയുന്നു.

കുറിപ്പില്‍ നിന്ന്: ‘അവസാനിമിഷം, അവസാന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണസമയം. ആകാശം നീങ്ങും, ഭൂമി കുലുങ്ങും. പേടിക്കരുത്. മന്ത്രങ്ങള്‍ ശക്തിയായി ഉരുവിട്ടുകൊണ്ടിരിക്കുക. ഞാന്‍ വന്ന് നിങ്ങളെ കൊണ്ടുപോകും. മറ്റുള്ളവരെ കൊണ്ടുപോകാനും ഞാന്‍ സഹായിക്കും..’

ലളിത് ഭാട്ടിയയാണ് ഡയറിയില്‍ ഈ കുറിപ്പുകള്‍ എഴുതിയത് എന്നാണ് കരുതപ്പെടുന്നത്. കുറിപ്പില്‍ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമല്ല. ദൈവത്തെയോ പുറത്തുനിന്നുള്ള ഏതെങ്കിലും വ്യക്തിയെക്കുറിച്ചോ ആകാം ഇതെന്ന് പൊലീസ് കരുതുന്നു.

മരിക്കണമെന്ന് കുടുംബം പദ്ധതിയിട്ടിരുന്നില്ലെന്നും രക്ഷപെടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം ഭൂചലനമുണ്ടായതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുറിപ്പില്‍ പറയുന്ന ഭൂചലനം ഇതുതന്നെയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അന്ന് രാവിലെ ഏഴരയോടെയാണ് 11 പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പുറത്തുനിന്നുള്ള മന്ത്രവാദിയുടെയോ ആള്‍ദൈവത്തിന്റെയോ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണത്തിന് മുന്‍പ് ചില പൂജകള്‍ നടന്നതിന്റെ സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കുടുംബവുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിയെയും അനുയായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മരിക്കുന്നതിന്റെ തലേദിവസം കുടുംബം 20 റൊട്ടികള്‍ വാങ്ങിച്ചിരുന്നു. 10.40 ഓടെയാണ് റൊട്ടികള്‍ വീട്ടില്‍ എത്തിയത്. നാരായണ ദേവിയാണ് റൊട്ടി എല്ലാവര്‍ക്കും വിതരണം ചെയ്തത് എന്നാണ് വീട്ടില്‍ കണ്ടെത്തിയ ഡയറില്‍ എഴുതിയിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് മരിച്ചു പോയ പിതാവുമായി ഏതാനും നാളുകളായി താന്‍ സംസാരിക്കാറുള്ളതായി നാരായണ്‍ ദേവിയുടെ മകനായ ലളിത് പറയാറുണ്ടെന്ന് പൊലീസ് കണ്ടെത്തി.

മരണത്തിലൂടെ മോക്ഷം ലഭിക്കും എന്നും മരിക്കുക എന്നത് തന്റെ പിതാവിന്റെ നിര്‍ദേശങ്ങളായുമായാണ് ലളിത് കണ്ടിരുന്നത്. പിതാവിന്റെ നിര്‍ദേശം അനുസരിക്കണം എന്ന് ഇയാള്‍ കുടുംബത്തോടും പറയാറുണ്ടെന്നും ഡയറിയില്‍ നിന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്തുപേര്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ ഇവര്‍ പരസ്പരം സഹായിച്ചതായാണ് പൊലീസിന്റെ നിഗമനം. കൂടാതെ മരിച്ചവരില്‍ ചിലരുടെ കൈകളും കാലുകളും കൂട്ടിക്കെട്ടിയിരുന്നു.

ചിലരുടെ കണ്ണുകള്‍ മൂടിയ നിലയിലുമായിരുന്നു. വീട്ടില്‍ നിന്നു കണ്ടെത്തിയ കുറിപ്പുകളില്‍ പറഞ്ഞതുപ്രകാരമാണ് കൈകളും കാലുകളും ബന്ധിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട നാരാണയ ദേവിയുടെ മൃതദേഹം നിലത്താണ് കിടന്നിരുന്നിരുന്നത്. ഇവരുടെ കൈയിലെ കെട്ടും നിലത്ത് വീണ നിലയിലായിരുന്നു.

മരണശേഷം ആരെങ്കിലും കെട്ട് അഴിച്ചുമാറ്റിയതായാണ് പൊലീസ് സംശയിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ടെത്തിയ 11 പൈപ്പുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പൈപ്പ് സ്ഥാപിച്ചതില്‍ സംശയം തോന്നിയപ്പോള്‍ കുടുംബത്തോട് ചോദിച്ചതായും എന്നാല്‍ വെന്റിലേഷന്‍ സഹായത്തിനാണ് സ്ഥാപിച്ചത് എന്നാണ് പറഞ്ഞതെന്ന് അയല്‍ക്കാര്‍ പറയുന്നു.

പൈപ്പ് സ്ഥാപിച്ച തൊഴിലാളികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയും അവരില്‍ നിന്നും മൊഴി എടുക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു കുടുംബത്തിലെ പതിനൊന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുപേരുടെ മൃതദേഹം വീടിന്റെ രണ്ടാമത്തെ നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ ദേവിയുടെ മൃതദേഹം മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. നാരായണ്‍ ദേവി(77)യുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.