മസ്ജിദിനു മുന്നില്‍ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാന്‍ നീക്കം: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്

single-img
1 July 2018

മസ്ജിദിനു സമീപം ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്. ലക്‌നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് മുസ്ലിം സമുദായത്തിനിടയില്‍ നിന്ന് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

മസ്ജിദിനു തൊട്ടടുത്തായി പ്രതിമ സ്ഥാപിക്കുന്നത് പള്ളിയില്‍ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഇവരുടെ ആരോപണം. സാധാരണയായി മുസ്ലിം വിശ്വസികള്‍ പ്രതിമകള്‍ക്കു സമീപത്തുവെച്ച് നമസ്‌കാരം നടത്താറില്ല.

അങ്ങനെ ചെയ്യുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുണ്ടാക്കുമെന്നും മസ്ജിദിലെ പുരോഹിതന്‍ മൗലാന ഫസല്‍ ഇ മന്നന്‍ പറയുന്നു. എന്നാല്‍ നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ലക്ഷ്മണനുള്ള പ്രാധാന്യവും ജനങ്ങളുടെ വികാരവും മാനിച്ചാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ബിജെപി നേതാവ് രാംകൃഷണ്‍ യാദവ് പറയുന്നു.

ലക്‌നൗ നഗരം സ്ഥാപിച്ചത് ലക്ഷ്മണനാണ്. ഇക്കാരണം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നത്. ഇതില്‍ യാതൊരു വിവാദത്തിനും സ്ഥാനമില്ല. ലക്‌നൗവിനെ ‘ലക്ഷ്മണപുരി’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ആലോചനയുണ്ടെന്നും ഇതിനുള്ള പദ്ധതി വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.