അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരില്‍ വാട്സാപ്പില്‍ വ്യാജപ്രചരണം: യുവതി പോലീസിൽ പരാതി നൽകി

single-img
1 July 2018

വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി വ്യാജ പ്രചാരണത്തിന്‍റെ ഇരയാകേണ്ടി വരുന്നതിന്‍റെ ഗതികേടിലാണ് പത്തനംതിട്ട അടൂർ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രന്‍. ഇത്തവണ അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് ഡോക്ടറുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് അ‍ഞ്ജു ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈദികര്‍ പീഡിപ്പിച്ച യുവതിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. കാറില്‍ ഇരിക്കുന്ന അഞ്ജുവിന്‍റെ ഇൗ ചിത്രം വാട്സാപ്പുകളിലൂടെ പ്രചരിക്കുന്ന കാര്യം സുഹൃത്തുകളാണ് അഞ്ജുവിനെ അറിയിക്കുന്നത്.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന അഞ്ജു തുടർന്ന് 26ാം തിയ്യതി അടൂർ പൊലീസിലും പത്തനംത്തിട്ട സൈബർ സെല്ലിലും പരാതി നൽകി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകി. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഞ്ജു പറയുന്നു.

നേരത്തെ അശ്ലീലചിത്രങ്ങൾക്കൊപ്പവും ഇതേ ചിത്രം പ്രചരിപ്പിച്ചിരുന്നു. മറ്റൊരു ശബ്ദസന്ദേശത്തിനൊപ്പവും ചിത്രം പ്രചരിപ്പിച്ചു. അഞ്ജുവിന്‍റെ പരാതിയിൽ അടൂർ പൊലീസ് എഫ്.ഐ.ആ‌ർ രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.