50 വയസായ ലോകത്തെ ഭീമന്‍ യുദ്ധവിമാനം

single-img
1 July 2018

ലോകത്തെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നായ ലോക്ക്ഹീഡ് 5, 50 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. അമേരിക്കന്‍ സേനയുടെ കൈവശമുള്ള ഏറ്റവും വലിയ വിമാനങ്ങളിലൊന്നുമാണ് ഇത്. 70 ടണ്‍ ടാങ്കുകള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് സാമഗ്രികള്‍ എല്ലാം സി 5 വിമാനത്തില്‍ അമേരിക്കന്‍ സേനയ്ക്ക് എത്തിക്കാനാകും.

ആഴ്ച്ചകള്‍ സമയമെടുത്ത് എത്തിക്കേണ്ട സാമഗ്രികളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകുമെന്നതാണ് ഈ യുദ്ധവിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. 247 അടി നീളമുള്ള വിമാനത്തിന്റെ വിംഗ്‌സ്പാന്‍ ബോയിംഗ് 747 400 വിമാനത്തിനേക്കാള്‍ വിസ്താരമുണ്ട്.

1968 ജൂണ്‍ 30നാണ് അറ്റ്‌ലാന്റയ്ക്ക് വടക്കുള്ള ലോക്ഹീഡ് മാര്‍ട്ടിന്റെ ചരിത്ര പ്രാധാന്യമുള്ള ഫാക്ടറിയിലെ റണ്‍വേയില്‍ നിന്ന് സി 5 ടേക്ക് ഓഫ് ചെയ്തത്. പെന്റഗണിന്റെ ദൗത്യങ്ങള്‍ കൂടുതല്‍ വേഗമുള്ളതാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത് സി 5 തന്നെയാണ്.

വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഓപ്പറേഷനുകള്‍ക്ക് മുഖ്യമായും സി 5 വിമാനത്തിനെയാണ് ആശ്രയിച്ചത്. ഏഴ് ജീവനക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരിക്കുക. എയര്‍ക്രാഫ്റ്റ് കമാന്‍ഡര്‍, പൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയര്‍മാര്‍, ലോഡ്മാസ്റ്റേഴ്‌സ് എന്നിവരാണ് അംഗങ്ങള്‍.

മണിക്കൂറില്‍ 855 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം പരമാവധി ഇന്ധനം നിറച്ചാല്‍ 9165 കിലോമീറ്റര്‍ ദൂരം വരെ പറക്കും. ടേക്ക് ഓഫിന് 1600 മീറ്ററും ലാന്റിംഗിന് 1100 മീറ്ററും റണ്‍വേ ആവശ്യമാണ്.പരമാവധി 193,600 ലിറ്റര്‍ ഇന്ധനം നിറയ്ക്കുവാനുള്ള ശേഷിയാണ് വിമാനത്തിനുള്ളത്