എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ അപര്യാപ്തമെന്ന് പൊലീസ്

single-img
30 June 2018


തിരുവനന്തപുരം : പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളെ അറസ്‌റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ബുധനാഴ്ചയാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ എഡിജിപിയുടെ മകൾ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നിട്ട് 16 ദിവസം കഴിഞ്ഞു. എന്നാല്‍ അറസ്റ്റടക്കമുള്ള യാതൊരു നടപടിയിലേക്കും ക്രൈംബ്രാഞ്ച് സംഘം കടന്നിട്ടില്ല.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയത്. മര്‍ദ്ദനമേറ്റ കാര്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളുമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.

അതേസമയം, ഗവാസ്‌കര്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാലില്‍ വാഹനം കയറ്റിയെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ പരാതി. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടും അത് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല.