കള്ളപ്പണക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് 2019 ല്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍; ‘സ്വിസ് ബാങ്കിലെ നിക്ഷേപങ്ങള്‍ മുഴുവന്‍ കള്ളപ്പണമല്ല’

single-img
29 June 2018

ന്യൂഡല്‍ഹി: 2019 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇന്ത്യക്കു ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപം 50.2 ശതമാനം വര്‍ധിച്ച് ഏഴായിരം കോടിയായെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗോയലിന്റെ പ്രതികരണം.

ഇന്നു രാജ്യത്തിനു പുറത്തു പണം സൂക്ഷിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. ഇത് സര്‍ക്കാരിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങളെല്ലാം കള്ളപ്പണമല്ലെന്നും എന്തിനാണ് അങ്ങനെയൊരു മുന്‍വിധിയെന്നും മന്ത്രി ചോദിക്കുന്നു. ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചശേഷം കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

കള്ളപ്പണ ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്. 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഈ വിവരങ്ങള്‍ ഇന്ത്യയ്ക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ഇന്ത്യക്കാര്‍ക്കുളള കള്ളപ്പണ നിക്ഷേപം നോട്ട്‌നിരോധനം, ജിഎസ്ടി എന്നീ വിപ്ലവ നടപടികളിലൂടെ കുത്തനെ കുറച്ചെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനിടെയാണ് ഇതിനെ സമ്പൂര്‍ണമായി തള്ളിക്കളയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപകര്‍ രാജ്യത്തെ ബാങ്കുകളില്‍ നടത്തിയ നിക്ഷേപം മൂന്നു ശതമാനം വര്‍ധിച്ച് 1.46 ട്രില്ല്യന്‍ സ്വിസ് ഫ്രാന്‍സിലേക്ക് ഉയര്‍ന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2016ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ പണനിക്ഷേപം 45 ശതമാനം ഇടിഞ്ഞിരുന്നു. ഏകദേശം 4500 കോടി രൂപയുടെ ഇടിവാണ് ഇക്കാലഘട്ടത്തില്‍ സംഭവിച്ചത്.

1987ല്‍ സ്വിസ് ബാങ്കുകള്‍ ഇടപാട് വിവരങ്ങള്‍ പരസ്യമാക്കാന്‍ തീരുമാനിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപമായിരുന്നു ഇത്. എന്നാല്‍ 2017ലെത്തിയപ്പോള്‍ ഇത് 7000 കോടിയായി വര്‍ധിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.