ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം: വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

single-img
29 June 2018

തിരുവനന്തപുരം: ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. അമ്മയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രസ്താവനയില്‍ അറിയിച്ചു.

സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീനടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ ‘അമ്മ’ സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി

ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തില്‍ പൊലീസ് ചാര്‍ജ്ജ് ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ, നേരത്തെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി.

ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാര്‍ത്ഥ്യം ‘അമ്മ’ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അമ്മ വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കെല്‍ട്രോണിലെ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്. ഇല്ല എന്ന് മറുപടി പറഞ്ഞ് മാധ്യമങ്ങളെ ഒഴിവാക്കി പിണറായി വിജയന്‍ മടങ്ങി. നേരത്തെ, മുഖ്യമന്ത്രി അമ്മ വിഷയത്തില്‍ ഇടപെടുമെന്ന് കരുതുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.