സംസ്ഥാനത്ത് അടുത്ത മാസം ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

single-img
29 June 2018

തിരുവനന്തപുരം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ജൂലായ് മൂന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യാത്രാനിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകളില്‍ പെട്ട എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോ, ജീപ്പുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍, കണ്‍വീനര്‍ കെ.വി. ഹരിദാസ് എന്നിവര്‍ അറിയിച്ചു.

സമരക്കാര്‍ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങള്‍

ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക

വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക

ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക

മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.