പ്രമുഖ താരങ്ങളുടെ ഫോണ്‍ വിളികളും, ദിലീപിന്റെ അഞ്ച് സിനിമകളും പൊലീസ് നിരീക്ഷണത്തില്‍

single-img
29 June 2018

 

 

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടന്‍ ദിലീപിന് നിര്‍മാണത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ടെണ്ണമടക്കം അഞ്ച് സിനിമകള്‍ പൊലീസ് നിരീക്ഷണത്തില്‍. കേസിലെ സാക്ഷികളില്‍പ്പെട്ട ചിലര്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സിനിമകളില്‍ വലിയ റോളുകള്‍ വാഗ്ദ്ധാനം ചെയ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് വലിയ തുകയും പ്രതിഫലമായി വാഗ്ദ്ധാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേസിലെ സാക്ഷിവിസ്താരം എത്രയും വേഗം തുടങ്ങാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേസിലെ വിസ്താരണം വൈകിപ്പിക്കാന്‍ പ്രതിഭാഗം മനപ്പൂര്‍വം ശ്രമിക്കുന്നതായി ആരോപണമുണ്ട്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരു നിര്‍മാതാവും സംവിധായകനും ചരടുവലിച്ചതിന്റെ വിവരങ്ങള്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.

അതേസമയം, അമ്മയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മലയാളത്തിലെ മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.