‘കേന്ദ്ര സര്‍ക്കാരിനും അമിത് ഷായ്ക്കും എപ്പോഴൊക്കെ തിരിച്ചടി കിട്ടുന്നുവോ അപ്പോഴെല്ലാം സൈന്യത്തെ ദുരുപയോഗം ചെയ്യുന്നത് പതിവായി’; മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെ ചൊല്ലി രാഷ്ട്രീയപോര്

single-img
28 June 2018

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ടതിനെ ചൊല്ലി വിവാദം. സൈനികരുടെ രക്തസാക്ഷിത്വത്തിന്റെ മറവില്‍ വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിനും അമിത് ഷായ്ക്കും എപ്പോഴൊക്കെ തിരിച്ചടി കിട്ടുന്നുവോ അപ്പോഴെല്ലാം സൈന്യത്തെ ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വോട്ട് നേടാന്‍ വേണ്ടി ഉപയോഗിച്ചുവെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.

ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ബി.ജെ.പിയുടെ നടപടിയെ കുറ്റപ്പെടുത്തി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നോ ഇല്ലയോ എന്നുള്ളതല്ല അതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനവും ഇന്ത്യന്‍ ആക്രമണവും നടത്തുന്നുവെന്ന് ജനതാദള്‍ നേതാവ് പവന്‍ വര്‍മ്മ പറഞ്ഞു. എന്നാല്‍ മിന്നലാക്രമണത്തെക്കുറിച്ച് അന്ന് സംശയം പ്രകടപ്പിച്ച കോണ്‍ഗ്രസ് തെളിവ് പുറത്ത് വന്നപ്പോള്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ജനം ഇത് തിരിച്ചറിയുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി തുറന്നടിച്ചു. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.

പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ദേശീയ ചാനലുകളെല്ലാം സംപ്രഷണം ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ പുറത്തു വരുന്നത്. ഭീകരരെ ഇന്ത്യന്‍ സൈന്യം വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതും മറ്റുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

ഡ്രോണുകള്‍, തെര്‍മല്‍ ഇമേജിംഗ് കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയത്. എം4 എ, ഇസ്രയേലി ടാവര്‍ ടി.എ.എ 1 റൈഫിള്‍സ്, ഗ്രനേഡ് ലോഞ്ചര്‍, ഗില്‍ഡ് സ്പിപ്പര്‍ റൈഫിള്‍സ് തുടങ്ങിയ ആയുധങ്ങളാണ് ആക്രമത്തിന് ഉപയോഗിച്ചത്. രാത്രിയില്‍ വ്യക്തമായ കാഴ്ച നല്‍കുന്ന ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു.