‘കൊച്ചി കേന്ദ്രീകരിച്ച് മലയാള സിനിമയില്‍ നടക്കുന്നത് സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങള്‍’

single-img
28 June 2018

തിരുവനന്തപുരം: നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പണമുണ്ടെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്. പണമുള്ളതിന്റെ അഹങ്കാരം സാംസ്‌കാരിക കേരളത്തോട് വേണ്ടെന്നും സുധാകരന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘അമ്മ’യും ഭാരവാഹികളും സ്വയം വിമര്‍ശനം നടത്തണം. കേരളത്തിലെ സിനിമാക്കാര്‍ക്ക് പണമുള്ളതിനാല്‍ എന്തും ആകാമെന്ന ധിക്കാരമാണുള്ളത്. ഞങ്ങള്‍ക്കും പണമൊക്കെയുണ്ട്. എന്നിട്ട് ഞങ്ങളാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ. ധിക്കാരം സര്‍ക്കാരിനോട് വേണ്ട.

രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരാണ്. ദിലീപിനെ കുറിച്ച് ഒരു കാലത്തും നല്ല അഭിപ്രായം ഇല്ല. ദിലീപ് തിലകനോട് ചെയ്ത് മറക്കാനാകില്ല. കൊച്ചി കേന്ദ്രമാക്കി മലയാള സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ആരെയും സംരക്ഷിക്കില്ല. കേസിലെ പ്രതിയായ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തില്ലേയെന്നും സുധാകരന്‍ ചോദിച്ചു.

മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തിന്റെ അഭിമാനം തന്നെയാണ്. എന്നാല്‍, ദിലീപിനെ തിരിച്ചെടുത്ത തീരുമാനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നില്ല. സംഘടനയിലുള്ളവര്‍ കൂടുതല്‍ ആലോചിച്ച് വേണമായിരുന്നു ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു.