രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കില്‍

single-img
28 June 2018

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലേയ്ക്കു പതിച്ചു. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. ഇന്ന് വിപണി ഉണര്‍ന്നപ്പോള്‍ തന്നെ രൂപയുടെ മൂല്യം താഴേക്ക് പോവുകയായിരുന്നു. ഡോളറിനെതിരെ 49 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസം 68.61 രൂപ മൂല്യമുണ്ടായിരുന്നത് ഇന്ന് 49 പൈസ താഴ്ന്ന് 69.10 രൂപയായി. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകൂടിയതും അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാര അനശ്ചിതത്വവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഈ വര്‍ഷം ഇതുവരെ 8 ശതമാനതത്തിന്റെ ഇടിവാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കഴിഞ്ഞവര്‍ഷം ഡോളറിനെതിരെ 5.96 ശതമാനത്തിന്റെ നേട്ടം ഉണ്ടാക്കിയിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതലെ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യവും ഇടിയുന്നത് ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.