നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കായി മാത്രം ഇതുവരെ ചെലവഴിച്ചത് 355 കോടി രൂപ: രേഖകള്‍ പുറത്ത്

single-img
28 June 2018

പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കായി മാത്രം ഇതുവരെ ചെലവഴിച്ചത് 355 കോടി രൂപയെന്ന് വിവരാവകാശ രേഖ. 48 മാസങ്ങള്‍ക്കിടെ 41 യാത്രകളിലായി 50 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ഇതില്‍ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ത്രിരാഷ്ട്ര യാത്രയാണ് ഏറ്റവും ചെലവേറിയത്.

ഒമ്പത് ദിവസങ്ങളായിരുന്നു മോദി യാത്രയ്ക്കായി ചെലവഴിച്ചത്. ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത് 31.25 കോടി രൂപയാണ്. യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനാണ്. 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്.

ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമായി ചെലവാക്കിയ തുക ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്പിജി സംഘത്തിന്റെ പ്രവൃത്തികള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്നാണ് പിഎംഒ മറുപടിയില്‍ പറഞ്ഞത്. ഇത്തരം യാത്രകളിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന വിവരം കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം 165 ദിവസങ്ങള്‍ നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിലായിരുന്നു എന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

അധികാരത്തിലേറി 2014 ജൂണ്‍ 15 നായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര. അയല്‍രാജ്യമായ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ സന്ദര്‍ശനം. അമേരിക്ക, ജപ്പാന്‍, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മോദി രണ്ടു തവണയെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ട്.