ഉദ്യോഗസ്ഥര്‍ വീണ്ടും ‘ഉറക്കത്തില്‍’; പരിശോധന ഒറ്റദിവസം കൊണ്ട് അവസാനിച്ചു; ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് വീണ്ടും ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം ഒഴുകുന്നു

single-img
28 June 2018

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യത്തിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ചെക്‌പോസ്റ്റുകളിലെ പരിശോധന ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ഫോര്‍മാലിന്‍ കലര്‍ന്ന പതിനായിരം കിലോ മത്സ്യം പിടികൂടിയ ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി ഇന്നലെ രാത്രി ലോഡ്കണക്കിന് മത്സ്യം കേരളത്തിലേക്ക് എത്തി.

കോട്ടയം, എറണാകുളം ജില്ലകളിലേക്കാണ് യാതൊരു സുരക്ഷാപരിശോധനയും കൂടാതെ മത്സ്യം എത്തിച്ചത്. ഇന്നലെ രാത്രി 5 മണിക്കൂര്‍ കൊണ്ട് എത്തിയത് 32 ലോഡ് മത്സ്യമാണ്. കടന്ന് പോയ വഴികളില്‍ എവിടെയും പരിശോധനയും ഉണ്ടായില്ല. പ്രധാനമായും തൂത്തുക്കൂടിയില്‍ നിന്നാണ് മത്സ്യത്തിന്റെ ലോഡ് എത്തുന്നത്.

തിരുവനന്തപുരം അമരവിള ചെക്‌പോസ്റ്റു വഴിയെത്തിയതും ടണ്‍കണക്കിന് മല്‍സ്യമാണ്. പരിശോധനക്കായി ചെക്‌പോസ്റ്റില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ, മായം ചേരാത്ത മീന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.