ഓസിന് സിനിമ കാണാന്‍ വരുന്ന രാഷ്ട്രീയക്കാര്‍ക്കും, സിനിമാക്കാര്‍ക്കും, പൊലീസുകാര്‍ക്കുമെതിരെ ഏരീസ് ഗ്രൂപ്പ് ഉടമയുടെ ‘ഒളിയമ്പ്’

single-img
28 June 2018

പ്രതിസന്ധിയില്‍ നില്‍ക്കുന്ന സിനിമാ വ്യവസായത്തിന് കൂടുതല്‍ തിരിച്ചടി നല്‍കുന്നതാണ് തീയേറ്ററുകളിലേക്ക് സൗജന്യമായി പടം കാണാനെത്തുന്ന ചിലരുടെ നിലപാടെന്ന ആക്ഷേപം ശക്തമാകുന്നു. സിനിമാക്കാരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരുമാണ് ഇത്തരത്തില്‍ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്.

ഈ വിഷയത്തില്‍ ഫിയോക്ക് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ തീയേറ്റര്‍ ഉടമകള്‍ പലവട്ടം പരാതികള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് സാധാരണക്കാരായ പ്രേക്ഷകര്‍ വരുമ്പോഴാണ് മുന്നറിയിപ്പ് പോലുമില്ലാതെ ചില രാഷ്ട്രീയക്കാരും പൊലീസുകാരും സിനിമക്കാരും തീയറ്ററുകളിലെത്തുന്നത്.

പ്രശ്‌ന പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെ വ്യത്യസ്ത പ്രതിഷേധമാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ് ഉടമ സോഹന്‍ റോയ്. ടിക്കറ്റെടുക്കാതെ സിനിമ കാണാനായി തന്റെ തീയറ്ററില്‍ എത്തുന്നവര്‍ക്കെതിരെ കവിത എഴുതി പ്രതിഷേധിച്ചിരിക്കുകയാണ് സോഹന്‍ റോയ്.

‘ടിക്കറ്റെടുക്കാതെ സിനിമ കാണുന്നവന്‍ സിനിമയെ കൊല്ലുന്ന പാഷാണമാകുമ്പോള്‍ സിനിമക്കാര്‍ കൂടിയാ ഓസ് തുടങ്ങിയാല്‍ തീയറ്റര്‍ ഓരോന്നായി മണ്ഡപമാക്കിടാം’, ഇതാണ് സോഹന്‍ റോയ് എഴുതിയ ഒറ്റവരി കവിത. പല ഉന്നതരും എട്ടും പത്തും പേര്‍ക്കുള്ള ടിക്കറ്റ് വേണമെന്നും പറഞ്ഞ് സിനിമ കാണാന്‍ തീയറ്ററിലേക്ക് എത്താറുള്ളത്.

ഇവര്‍ക്കെല്ലാം വേണ്ട ടിക്കറ്റ് സൗജന്യമായി നല്‍കേണ്ട അവസ്ഥയാണെന്ന് ഏരീസ് ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അറിയിച്ചു. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് നിലപാടാണ് സോഹന്‍ റോയ്ക്കുള്ളതെന്ന് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം പറയുന്നു.

ഇനി ഇത്തരത്തില്‍ ടിക്കറ്റെടുക്കാതെ വരുന്നവര്‍ക്ക് തന്റെ കൈയില്‍ നിന്ന് പണം മുടക്കി ടിക്കറ്റ് എടുത്ത് കൊടുക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞു. ടിക്കറ്റെടുക്കാതെ വരുന്ന സിനിമക്കാരും രാഷ്ട്രീയക്കാരും പൊലീസുകാരും ഈ വ്യവസായത്തിന് ഭീഷണിയാണെന്നും അവര്‍ സ്വയം തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അങ്ങനെ ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ ഇനി ഇടപെടുമെന്ന നിലപാടാണ് ഏരീസ് ഗ്രൂപ്പ് തിയേറ്റര്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.