കശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാഅത്ത് ബുഖാരിയുടെ ഘാതകരെ തിരിച്ചറിഞ്ഞു; സംഘത്തില്‍ പാകിസ്താനിയും

single-img
27 June 2018

 

പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാത് ബുഖാരിയുടെ ഘാതകരെ തിരിച്ചറിഞ്ഞതായി പൊലീസ്. മൂന്ന് പേരുള്ള സംഘത്തിലെ ഒരാള്‍ കാശ്മീര്‍ സ്വദേശിയാണ്. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനാണ് ഇയാളെന്നാണ് സംശയിക്കുന്നത്.

മറ്റ് രണ്ട് പേര്‍ പ്രദേശവാസികളാണ്. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബ അംഗമാണ് പിടിയിലായ നവീന്‍ ജാട്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടയാളാണ് നവീദ് ജാട്ടെന്നും പൊലീസ് വ്യക്തമാക്കി.

ബുഖാരിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പാക് ബ്ലോഗറെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനഗറില്‍ നിന്നുള്ള ഇയാള്‍ പാകിസ്ഥാനിലാണ് ഇപ്പോഴുള്ളതെന്ന് പൊലീസ് പറഞ്ഞു. ഈദുല്‍ ഫിത്തറിന് തലേ ദിവസം റൈസിംഗ് കശ്മീര്‍ ഓഫീസിന് മുന്നിലാണ് ഷുജാത് ബുഖാരി ഭീകര സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.

കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുലരുന്നതിന് ബുഖാരി ശ്രമം നടത്തിയതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ പ്രഖ്യാപിച്ച കേന്ദ്ര നടപടിക്ക് പിന്തുണ നല്‍കിയതും പ്രകോപനത്തിന് കാരണമാവുകയായിരുന്നു.

കശ്മീരിലെ വിഘടനവാദികളും ജമായത്ത് ഇ ഇസ്‌ളാമി നേതാക്കളും ബുഖാരിയുടെ ശ്രമങ്ങളെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഭീകര സംഘടനകളുടെ സഹായത്തോടെ ബുഖാരിയെ വധിച്ചത്. കൊലയ്ക്ക് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.