ജോലിഭാരത്താല്‍ കീഴുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥന്‍ കുറ്റക്കാരനാകില്ല: സുപ്രധാന വിധിയുമായി സുപ്രീംകോടതി

single-img
27 June 2018

 

അമിതമായ ജോലിഭാരത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥനെ കുറ്റക്കാരനായി കാണാനാകില്ലെന്ന് സുപ്രീം കോടതി. ജീവനക്കാരനോടു ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നതു മേലുദ്യോഗസ്ഥന്റെ ക്രിമിനല്‍ മനസ്സാണെന്നു പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ബോംബെ ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചിന്റെ നിരീക്ഷണം തള്ളിയാണു സുപ്രീംകോടതിയുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലിയെടുത്തിരുന്ന കിഷോര്‍ പരാശര്‍ എന്നയാള്‍ 2017 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തിരുന്നു.

മേലുദ്യോഗസ്ഥന്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ കഠിനമായി ജോലി ചെയ്യിപ്പിച്ചതിന്റെ മനോവിഷമത്താലാണു കിഷോര്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഭാര്യ പരാതി നല്‍കി. ഇതില്‍ കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മേലുദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു.

ഹര്‍ജി തള്ളിയ ഹൈക്കോടതി, മരണത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും അതിനു സാഹചര്യമൊരുക്കിയത് അന്വേഷിക്കേണ്ടതാണെന്നു നിലപാടെടുത്തു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി.

ജസ്റ്റിസുമാരായ അരുണ്‍കുമാര്‍ മിശ്ര, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്. മേലുദ്യോഗസ്ഥന്‍ മനപൂര്‍വം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 306 അനുസരിച്ച് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താം.

എന്നാല്‍, ഈ കേസില്‍ ആ വകുപ്പ് ചുമത്താന്‍ പര്യാപ്തമായ തെളിവുകളോ വസ്തുകളോ ഒന്നും തന്നെയില്ല. അതിനാല്‍ തന്നെ മേലുദ്യോഗസ്ഥനെതിരെയുള്ള എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതല്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.