രാജ്യസഭാ ഉപാധ്യക്ഷന്‍: കോണ്‍ഗ്രസ് തൃണമൂല്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും

single-img
27 June 2018

 

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നിര്‍ബന്ധമായിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. 245 അംഗ സഭയില്‍ 51 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് ഒറ്റക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള അംഗബലമുണ്ടെങ്കിലും ബി.ജെ.പി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് തൃണമൂലിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദു ശേഖര്‍ റോയിയെ സ്ഥാനാര്‍ഥിയാക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ നീക്കമെന്നാണ് സൂചന. ബിജെപിക്കെതിരെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായി കൂടിയാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതിപക്ഷപാര്‍ട്ടികള്‍ നോക്കിക്കാണുന്നത്.

ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലാണ് നാമനിര്‍ദ്ദേശവും തിരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക. 1969 മുതല്‍ 1977 വരെയുള്ള കാലത്ത് മാത്രമാണ് ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാതിരുന്നിട്ടുള്ളത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി മത്സരം നടന്നത് 1992ലാണ്.

2012 മുതല്‍ കോണ്‍ഗ്രസിന്റെ പി.ജെ.കുര്യനാണ് രാജ്യസഭാ ഉപാധ്യക്ഷന്‍. 245 അംഗ സഭയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുമില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ച് ബിജെപിയെ തറപറ്റിക്കാനുള്ള കോണ്‍ഗ്രസ് നീക്കം.