നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമമെന്ന് കോടതി: ദിലീപിന്റെ ഹര്‍ജി വീണ്ടും മാറ്റിവച്ചു

single-img
27 June 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ത്തതിനെതിരെ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളി. ഇരുവരും കേസില്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജികള്‍ തള്ളിയത്.

ഇതിനു പിന്നാലെയാണ് കേസ് വേഗത്തില്‍ തീര്‍ക്കേണ്ടതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാണിച്ചത്. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസ്സമാവുകയാണെന്നും, തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നും കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ താന്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നായിരുന്നു സുനി മൊഴി നല്‍കിയത്. തുടര്‍ന്ന് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്‌തെങ്കിലും മൊബൈല്‍ കണ്ടെത്താനായില്ല. 2017 ജൂലൈ ഏഴിന് പ്രതീഷ് ചാക്കോയെ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

മൊബൈല്‍ താന്‍ നശിപ്പിച്ച് കളഞ്ഞെന്നായിരുന്നു പ്രതീഷ് ചാക്കോ അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിധി പറയാനായി കോടതി ജൂലൈ 11 ലേക്ക് മാറ്റി.

ഇതിനിടെ നാല്‍പ്പതോളം രേഖകള്‍ കൂടി നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് രേഖകള്‍ നല്‍കാതിരുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ എല്ലാ രേഖകളും നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.