ദിലീപിനെ തിരിച്ചെടുത്തതിന്റെ പേരിലല്ല താന്‍ രാജിവച്ചതെന്ന് ആക്രമിക്കപ്പെട്ട നടി

single-img
27 June 2018

അവസരങ്ങള്‍ തട്ടിമാറ്റിയ നടനെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്മ സംഘടനയില്‍ നിന്നും രാജിവെക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കിയാണ് രാജിയെന്നും നടി കുറിപ്പില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമാ സംഘടനകളില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേരാണ് രാജിവച്ചത്.

റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അമ്മയ്‌ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. അവള്‍ക്കൊപ്പം ഞങ്ങളും രാജിവെക്കുന്നു എന്നായിരുന്നു നടിമാരുടെ പ്രതികരണം.

ഡബ്ല്യുസിസിയുടെ? ഫെയ്‌സ്ബുക്ക് പേജില്‍ ആക്രമിക്കപ്പെട്ട നടി പറയുന്നത് :

അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം. ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്.

അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍, ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.