ഈ 10 ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം കുടിക്കരുത്: ഇവര്‍ വിറ്റിരുന്നത് മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം

single-img
26 June 2018

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം പിടിച്ചെടുത്തു. കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളമാണ് പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചെടുത്തത്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മൂവാറ്റപുഴ ആസ്ഥാനമായ അശോക, കോലഞ്ചേരിയിലെ ഗ്രീന്‍ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലുമിങ്, കോട്ടയം നെടുങ്ങടളപ്പളളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിന്‍ഫ്രായിലെ മക് ഡവല്‍സ്, നെയ്യാറ്റിന്‍കര ടി ബി ജംക്ഷനിലെ അക്വാ സയര്‍, കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോള്‍, ആലുവ മരപ്പളളി ആസ്ഥാനമായ ഗോള്‍ഡന്‍ വാലി നെസ്റ്റ് എന്നിവയുടെ ഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയത്.

സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചത്. ജില്ലകളിലെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രാജ മാണിക്യത്തിനു നല്‍കി. അദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ഗുണമേന്മയില്ലാത്ത വെള്ളം വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത് അതതു സ്ഥലത്തെ ആര്‍ഡിഒമാരാണ്.
നിയമ നടപടികളുമായി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും കേസുകളുടെ അവസ്ഥ അത്ര മെച്ചമല്ല. 2014 മുതലുള്ള കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. നിയമ നടപടികള്‍ നീളുന്നതോടെ മറ്റു പേരുകളില്‍ തട്ടിപ്പു കമ്പനികള്‍ വീണ്ടും വിപണിയിലെത്തുന്ന അവസ്ഥയുമുണ്ട്.

രാജ്യത്തു വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നു കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വില്‍പന നടത്തുന്ന കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്നും കണ്ടെത്തി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുപ്പിവെള്ളത്തില്‍ 93 ശതമാനത്തിലും സൂക്ഷമമായ പ്ലാസ്റ്റിക് തരികളും കണ്ടെത്തിയിരുന്നു. കുപ്പികളുടെ അടപ്പുകളില്‍നിന്നാണ് ഇത്തരത്തിലുള്ള തരികള്‍ വെള്ളത്തില്‍ കലരുന്നതെന്നും കണ്ടെത്തി.

സംസ്ഥാനത്തെ അറുന്നൂറോളം വരുന്ന കുപ്പിവെള്ള യൂണിറ്റുകളില്‍ 141 എണ്ണത്തിനാണ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ഐഎസ്‌ഐ) ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അനുമതിയുള്ളത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംസ്ഥാന ഭൂജലവകുപ്പ് കുപ്പിവെള്ള കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്.