സംഘമിത്ര ഉപേക്ഷിച്ചിട്ടില്ല; ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങും

single-img
26 June 2018

സുന്ദര്‍ സി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം സംഘമിത്രയെ കുറിച്ച് കുറച്ചു നാളായി വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കുമെന്നും വാര്‍ത്തകള്‍ വന്നിരിക്കുന്നു.

സംഘമിത്ര പോലെ ഒരു വലിയ ചിത്രമെടുക്കണമെങ്കില്‍ നന്നായി ഗവേഷണം നടത്തേണ്ടതുണ്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിയിരുന്നെങ്കിലും സ്‌ക്രിപ്റ്റ് പൂര്‍ത്തീകരിച്ചു എന്നു കരുതി എല്ലാമായില്ല. കൃത്യമായ സ്റ്റോറി ബോര്‍ഡ് അനിവാര്യമാണ്. സംഘമിത്ര ഉപേക്ഷിച്ചു എന്ന് ഇതിന് അര്‍ത്ഥമില്ല എന്നും സുന്ദര്‍ സി തന്റെ പുതിയ ചിത്രം കലകലപ്പ് 2വിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വെളിപ്പെടുത്തിയിരുന്നു.

400 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എഡി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥ പറയുന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. എന്നാല്‍ ശ്രുതിക്ക് ചില ഡേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദിഷ പട്ടാനിയെ നായികയായി തീരുമാനിച്ചിരിക്കുകയാണ്. ദിഷയ്‌ക്കൊപ്പം ആര്യ, ജയം രവി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.