പ്രണബ് മുഖര്‍ജിക്ക് നന്ദി അറിയിച്ച് ആര്‍എസ്എസ് നേതാക്കളുടെ കത്ത്: ‘പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തിനു ശേഷം ആര്‍എസ്എസില്‍ ചേരാനാഗ്രഹിക്കുന്നവരുടെ എണ്ണം നാലിരട്ടിയായി’

single-img
26 June 2018

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംഘടനയില്‍ ചേരാനെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചെന്ന് സംഘ പരിവാര്‍ നേതാക്കള്‍. ആര്‍എസ്എസിന്റെ വളര്‍ച്ചയില്‍ താങ്കളും പങ്കുവഹിക്കുന്നു എന്നു പറഞ്ഞ് നന്ദി അറിയിച്ച് പ്രണബ് മുഖര്‍ജിക്ക് ആര്‍എസ്എസ് കത്തും അയച്ചു.

പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പ്രസംഗത്തിനു ശേഷം ആര്‍.എസ്.എസില്‍ ചേരാനുള്ള ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം അഞ്ചു മടങ്ങാണ് വര്‍ദ്ധിച്ചത്. പുതിയതായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ നാല്‍പ്പതു ശതമാനവും ബംഗാളില്‍ നിന്നാണെന്നും ആര്‍.എസ്.എസ് പ്രചാരകുകള്‍ കണക്കുകള്‍ നിരത്തുന്നു.

ഓണ്‍ലൈന്‍ വഴി ജൂണ്‍ 6നു ലഭിച്ചിട്ടുള്ള അപേക്ഷകള്‍ 378 എണ്ണമാണ്. പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രസംഗിക്കാനെത്തുന്നത് ജൂണ്‍ 7നാണ്. അന്നത്തെ ദിവസം വന്നത് 1779 അംഗത്വ അപേക്ഷകളാണ്. അവിടുന്നിങ്ങോട്ട് ഇന്നത്തെ ദിവസം വരെ ശരാശരി 1200-1300 അപേക്ഷകള്‍ ദിവസേന ലഭിക്കുന്നുണ്ട്. അതില്‍ത്തന്നെ 40 ശതമാനവും ബംഗാളില്‍ നിന്നാണെന്നും ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് ബിപ്ലബ് റോയ് പറയുന്നു.

നേരത്തെ, മോഹന്‍ ഭഗവതിന്റെ ക്ഷണം സ്വീകരിച്ച് പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി തൃതീയ വര്‍ഷ പരിശീലന പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. സംഘ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ വീരപുത്രന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.