കെ.പി.സി.സി അദ്ധ്യക്ഷന്‍ ഘടകകക്ഷികളുടേയും സമുദായ സംഘടനകളുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ആളാവരുത്: രാഹുല്‍ ഗാന്ധിക്ക് വീണ്ടും പിജെ കുര്യന്റെ കത്ത്

single-img
26 June 2018

 

ന്യൂഡല്‍ഹി: സമുദായങ്ങളുടെയും മറ്റു കക്ഷികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത വ്യക്തിയെ ആയിരിക്കണം കെ.പി.സി.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പി.ജെ.കുര്യന്‍ കത്തയച്ചു. അദ്ധ്യക്ഷ പദവിയില്‍ എത്തുന്ന നേതാവിന് തീരുമാനം എടുക്കാനുള്ള ശേഷി ഉണ്ടാകണമെന്നും മതേതര പ്രതിച്ഛായ വേണമെന്നും കുര്യന്‍ കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് മാണി കോണ്‍ഗ്രസിന് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് പിജെ കുര്യന്‍ നേരത്തേ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നത്. അധ്യക്ഷന് തീരുമാനം എടുക്കാന്‍ ശേഷി ഉണ്ടാകണം. മതേതര പ്രതിച്ഛായയുള്ള നേതാവാകണം. എന്നാല്‍ തന്നെ പരിഗണിക്കാന്‍ വേണ്ടിയല്ല കത്തെന്നും തന്നെ പരിഗണിക്കേണ്ടതില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത തീരുമാനം ശരിയായില്ലെന്ന് ആവര്‍ത്തിച്ച കുര്യന്‍, നടപടി കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നിലവില്‍ വിദേശത്തുള്ള രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയ ശേഷം പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും.