ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: യു.എന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

single-img
26 June 2018

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ടു തന്നെ പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന അര്‍ത്ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

അതിതീവ്രമായ അതിക്രമങ്ങള്‍ക്ക് കശ്മീരിലെ ജനങ്ങള്‍ വിധേയരാകുന്നതായി പാകിസ്താന്റെ യുഎന്‍ പ്രതിനിധി മലീഹ ലോധി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടി പറയവെ പാകിസ്താന്‍ ആരോണങ്ങളെ ഇന്ത്യ ശക്തമായി നിരാകരിച്ചു.

ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ സംബന്ധിച്ച് അനാവശ്യവും അനുചിതവുമായി ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പ പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയം ദുരുദ്ദേശപരമായി യുഎന്നില്‍ ഉന്നയിക്കാനുള്ള ശ്രമം മുന്‍പും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഒരു വിധത്തിലുള്ള ചലനവുമുണ്ടാക്കാതെ അത് പരാജയപ്പെടുകയായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ഇന്ത്യയുടെ നിലപാടില്‍ തെല്ലും മാറ്റമില്ല. പാകിസ്ഥാന്‍ എത്ര പൊള്ളയായ അവകാശവാദം ഉന്നയിച്ചാലും ഇന്ത്യയുടെ ഈ നിലപാട് മാറാന്‍ പോകുന്നില്ലെന്നും ബയ്യപ്പു വ്യക്തമാക്കി.