കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രാസവസ്തുക്കള്‍ കലര്‍ത്തിയ 9.5 ടണ്‍ മീന്‍ പിടിച്ചെടുത്തു: ഫോര്‍മാലിന്‍ കലര്‍ത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

single-img
26 June 2018

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രാസവസ്തുക്കള്‍ കലര്‍ത്തിയ 9.5 ടണ്‍ മീന്‍ കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ പിടികൂടി. പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കൂടിയ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മീന്‍ പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളടങ്ങിയ മീന്‍ പിടികൂടിയത്. ആര്യങ്കാവിലും മഞ്ചേശ്വരത്തുമായിരുന്നു ഇന്നലെ പരിശോധന. രാമേശ്വരത്തിനടുത്ത് മണ്ഡപത്ത് നിന്നും തൂത്തുക്കുടിയില്‍ നിന്നും എറണാകുളത്തേക്കും ഏറ്റുമാനൂരിലേക്കും കൊണ്ടുവന്നതായിരുന്നു മീന്‍.

ഇത്തരത്തിലുള്ള രണ്ട് ലോഡ് മീനാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള 9.5 ടണ്‍ മീന്‍ കൂടുതല്‍ പരിശോധനകള്‍ക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാടും ഫോര്‍മലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല. ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല.

മത്സ്യബന്ധന ബോട്ടിലോ, ഹാര്‍ബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. അതുകൊണ്ടുതന്നെ ഈ ലോഡുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിലവില്‍ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

റെയ്ഡുകള്‍ ശക്തമാക്കുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ അളവ് കുറയുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണക്കുകൂട്ടല്‍. മത്സ്യത്തില്‍ നിന്നും ഫോര്‍മാലിന്‍ കണ്ടെത്തിയെന്ന സിഫ്റ്റിന്റെ റിപ്പോര്‍ട്ട് ആന്ധ്ര പ്രദേശ് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ അറിയിക്കും. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.