പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

single-img
26 June 2018

തിരുവനന്തപുരം: കീഴുദ്യോഗസ്ഥരെ ദാസ്യപ്പണിയ്ക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പോലീസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് തലപ്പത്തുള്ളവരുടെ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പോലീസ് നടപടികളെ വിമര്‍ശിച്ചത്. അതേസമയം, ആരോപണവിധേയനായ എഡിജിപി സുധേഷ് കുമാര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തില്ല.

‘പൊലീസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഉയര്‍ന്ന ജനാധിപത്യമൂല്യമുള്ള കേരളത്തില്‍ പൊലീസ് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. മേലുദ്യോഗസ്ഥര്‍ അതിന് നേതൃത്വം നല്‍കണം. വര്‍ക്ക് അറേഞ്ച്‌മെന്റ് അനന്തമായി നീളരുത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ച് വിളിക്കണം’. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പൊലീസ് സേനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി. പൊലീസുകാരെയും ക്യാമ്പ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. കേസുകളില്‍ മേലുദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പരാതികള്‍ക്ക് പരിഗണന ലഭിക്കാതെ വന്നാല്‍ പ്രത്യേക കോള്‍ സെന്റര്‍ തുടങ്ങും.

യോഗത്തില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ മാത്രമെ ഇത്രയും നെഗറ്റീവ് വാര്‍ത്തകള്‍ ഉള്ളൂ. മാധ്യമങ്ങള്‍ ഇടപെടും മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടണം എന്നും മുഖ്യമന്ത്രി പറഞ്ഞു.