വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ കിട്ടാന്‍ ചെയ്യേണ്ടത്….

single-img
25 June 2018

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിന് പുതിയ ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റു ചെയ്തു നോക്കണോ? പുതിയ ഫീച്ചറുകളുള്ള ഈ വേര്‍ഷന്‍ ഐഒഎസ് ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും എത്തണമെങ്കില്‍ അല്‍പ്പം കൂടെ കാലതാമസം നേരിടും.

എന്നാല്‍, ബീറ്റാ ടെസ്റ്റിങ്ങില്‍ താത്പര്യമുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ ഫീച്ചറുകള്‍ മറ്റുള്ളവര്‍ക്കു മുന്‍പെ ടെസ്റ്റു ചെയ്യാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ ലളിതമാണ്:

1. ബ്രൗസര്‍ ഉപയോഗിച്ച് ഗൂഗിള്‍ പ്ലേ വെബ്‌സൈറ്റിലുള്ള വാട്‌സാപ്പിന്റെ ബീറ്റാ പേജ് സന്ദര്‍ശിക്കുക.

2. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്യുക.

3 ബിക്കം എ ബീറ്റാ ടെസ്റ്റര്‍ (”Become A Tester’) എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.

ഇങ്ങനെ ബീറ്റാ ടെസ്റ്റര്‍ പദവി നേടിക്കഴിഞ്ഞ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി, വാട്‌സാപ്പ് സെര്‍ച് ചെയ്യുക. ആപ്പിന്റെ പേജില്‍ കയറിക്കഴിയുമ്പോള്‍ അവടെ ‘WhatsApp Messenger (Beta)’ എന്നു കാണാന്‍ സാധിക്കും. തുടര്‍ന്ന് ബീറ്റാ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്യാം.

എന്തെല്ലാമാണ് ബീറ്റാ പതിപ്പില്‍ കിട്ടുക? ബീറ്റാ ടെസ്റ്റിങ് നടത്താന്‍ തീരുമാനിക്കാത്ത മറ്റ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കാത്ത ഫീച്ചറുകള്‍ അവിടെ കാണാം. ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കും. എല്ലാ ബീറ്റാ പ്രോഗ്രാമുകളെയും പോലെ വാട്‌സാപ്പിലും ധാരാളം ബഗുകള്‍ കണ്ടേക്കാം.

പുതിയ ഫീച്ചറുകളിലെ ബഗുകള്‍ പരീക്ഷിച്ചു കണ്ടുപിടിക്കാനാണ് ബീറ്റാ പതിപ്പുകള്‍ ഇറക്കുന്നത്. ഇതു ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ആപ്പ് ക്രാഷ് ആകുകയുമൊക്കെ ചെയ്യാം. എന്നാല്‍ പുതിയ ഫീച്ചറുകള്‍ മറ്റുള്ളവരെക്കാള്‍ മുന്‍പെ പരീക്ഷിക്കുക എന്നത് ചിലരുടെ ഒരു വിനോദമാണ്. അത്തരക്കാര്‍ക്കാണ് ബീറ്റാ ടെസ്റ്റിങ് പരിപാടി രസകരമാകുക.

അതേസമയം ആദ്യം കോള്‍ ചെയ്യുന്ന ആളടക്കം നാല് പേര്‍ക്കാണ് ഗ്രൂപ്പ് ഓഡിയോ വീഡിയോ കോളില്‍ ഒരേസമയം പങ്കെടുക്കാനാവുക. ഗൂഗിള്‍ ഡ്യുവോയിലും സ്‌കൈപ്പിലും നേരത്തേ ഈ ഫീച്ചറുകള്‍ ഉണ്ട്. വാട്‌സ്ആപ്പ് തുറന്ന് അതില്‍ ആരെയാണോ ആദ്യം വീഡിയോ കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് നോക്കി അവരെ വീഡിയോ കോള്‍ ചെയ്യുക.

കോള്‍ എടുത്തു കഴിഞ്ഞാല്‍ ‘ആഡ് പാര്‍ട്ടിസിപ്പന്റ്’ എന്നൊരു ഓപ്ഷന്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും എന്നാണ്. വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഗ്രൂപ്പ് ഓഡിയോ കോളിങ് ഫീച്ചറിനൊപ്പം ഏറെ ഉപകാരപ്രദമായ സെലക്റ്റ് ഓള്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

സന്ദേശങ്ങളും ചാറ്റുകളും ഒന്നിച്ച് സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് റീഡ്/ അണ്‍റീഡ് ആക്കാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും എല്ലാം ഇത് വഴി സാധിക്കും. പുതിയ ഫീച്ചറുകളുള്ളത് ആന്‍ഡ്രോയിഡിന്റെ 2.18.160 അപ്‌ഡേറ്റിലാണ്.