250 പേരെ ചോദ്യം ചെയ്തു; 130ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി; ഒരുലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിച്ചു; എന്നിട്ടും ജസ്‌നയെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

single-img
25 June 2018

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തമായ സൂചന നല്‍കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് വിശദീകരണം. ജെസ്‌നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിച്ചെങ്കിലും സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌നയെ കണ്ടുവെന്ന് സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തി.

എന്നാല്‍, ഒരിടത്തു പോലും കണ്ടത് ജെസ്‌നയെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ജെസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത് ശരിയാണെന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായും രേഖാമൂലം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. സാധ്യമായ തരത്തിലുള്ള അന്വേഷണങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

ഇതേസമയം, ജസ്‌നയെ കാണാതായിട്ട് നൂറു ദിവസം തികയാന്‍ പോകുകയാണ്. കഴിഞ്ഞ മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ ജയിംസിനെ കാണാതായത്. അമ്മായിയുടെ വീട്ടിലേക്കെന്നുപറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ട്.

പിന്നെ, ജസ്‌നയെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും എടുക്കാതെ പോയത് ദുരൂഹത പരത്തി. അന്ന് രാത്രി ഏഴുമണിയോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പക്ഷേ, മാസം മൂന്നു കഴിഞ്ഞിട്ടും പൊലീസ് പരക്കം പായുന്നതല്ലാതെ ജസ്‌നയെക്കുറിച്ച് ഒരു സൂചന പോലും ഇല്ലെന്നതാണ് വാസ്തവം.