വോള്‍വോയുടെ കരുത്ത് വെളിപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു

single-img
23 June 2018

ക്രാഷ് ടെസ്റ്റുകളില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്നതാണ് വോള്‍വോയുടെ ശീലം. ലോകത്തില്‍ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന വോള്‍വോ കാറായാലും, ബസായാലും, ട്രക്കായാലും നിലവാരത്തിന്റെ കാര്യത്തില്‍ ലവലേശം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാറുമില്ല.

നോര്‍വെയിലെ സാര്‍പ്ബര്‍ഗ് ദേശീയപാതയില്‍ വോള്‍വോ കാറും ട്രെയിലറും കൂട്ടിയിടിക്കുന്ന വീഡിയോ വോള്‍വോ വാഹനങ്ങളുടെ ശക്തി തെളിയിക്കുന്നതാണ്. വോള്‍വോയുടെ എസ് യു വി എക്‌സ് സി 70 ആണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 112 കിലാമീറ്ററില്‍ സഞ്ചരിച്ച വാഹനം എതിരെ വന്ന ട്രെയിലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

നാല്‍പ്പത് ടണ്‍ ഭാരമുള്ള സ്‌ക്കാനിയ ട്രക്കുമായി കൂട്ടിയിടിച്ച വോള്‍വോയുടെ മുന്‍വശം തകര്‍ന്ന് തരിപ്പണമായി. ഡ്രൈവറുടെ അശ്രദ്ധ മൂലം എതിര്‍വശത്തെ ലൈനിലേയ്ക്ക് വാഹനം കയറുകയായിരുന്നു. വോള്‍വോയുടെ തൊട്ടുപിറകെ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡാഷ്‌ക്യാമറയിലാണ് അപകടദൃശ്യം പതിഞ്ഞത്.

അപകടത്തിന് ശേഷം വോള്‍വോ വാഹനത്തിന്റെ ഡ്രൈവറേയും ദൃശ്യത്തില്‍ കാണാം. അപകടസമയത്ത് വോള്‍വോ എസ്‌യുവിയും ലോറിയും നൂറ് കിലോമീറ്റര്‍ വേഗത്തില്‍ക്കൂടുതലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും അപകടകരമായി വാഹനമോടിച്ച വോള്‍വോ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.