മീനുകളിലെ വിഷാംശം തിരിച്ചറിയുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്ന പരിശോധനാ കിറ്റ് ‘സൂപ്പര്‍ ഹിറ്റ്’

single-img
23 June 2018

കാന്‍സര്‍, വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനു കാരണം ഭക്ഷ്യവസ്തുക്കളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിത ഉപയോഗമെന്നു വിദഗ്ധര്‍. ഇതുസംബന്ധിച്ചു ഐ.എം.എ. നേരത്തേ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു.

ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണു ഫോര്‍മാലിന്‍. ഇതു ചേര്‍ത്താല്‍ 18 ദിവസം വരെ മത്സ്യം കേടാകില്ല. ഇതു ചേര്‍ത്ത ഇറച്ചിയും മത്സ്യവും എത്ര കഴുകിയാലും വിഷാംശം പോകില്ല. മുന്‍കാലങ്ങളില്‍ അമോണിയ ചേര്‍ത്തായിരുന്നു മത്സ്യവില്‍പ്പന.

അമോണിയ ചേര്‍ത്തതു നാലുദിവസം കഴിഞ്ഞാല്‍ ഉപയോഗശൂന്യമാകും. അതുകൊണ്ടാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധനാ കിറ്റാണ്. കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു 300 കിറ്റുകള്‍കൂടി വാങ്ങാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു കിറ്റ് ഉപയോഗിച്ച് അന്‍പതു തവണ പരിശോധന നടത്താന്‍ കഴിയും.

കിറ്റിനൊപ്പമുള്ള പേപ്പര്‍ സ്ട്രിപ്പ് മീനിന്റെ പുറത്ത് ഉരസിയശേഷം കിറ്റിലെ ലായനി പേപ്പറിലേക്ക് ഒഴിക്കും. പേപ്പറിന്റെ നിറം നീലയായാല്‍ മീനില്‍ വിഷമുണ്ടെന്നാണ് അര്‍ഥം. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6000 കിലോഗ്രാം മീനില്‍ ഫോര്‍മലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മീനില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മീന്‍ അതു വന്ന സംസ്ഥാനത്തേക്കു തിരികെ അയച്ചു. അവിടെ വില്‍പന നടത്താതിരിക്കാന്‍ ആ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്കു വിവരം കൈമാറിയിട്ടുണ്ട്. ട്രോളിങ് നിരോധനമായതിനാല്‍ ജാഗ്രതയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മലിന്‍. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്.

മെഡിക്കല്‍ വിദ്യാഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്.