പശുവിനെ കൊന്നു എന്നാരോപിച്ച് പൊലീസ് സാന്നിധ്യത്തില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവം; പ്രതിഷേധം ശക്തമായതോടെ ഉത്തര്‍പ്രദേശ് പൊലീസ് മാപ്പു പറഞ്ഞു

single-img
22 June 2018

ഉത്തര്‍പ്രദേശില്‍ പൊലീസ് സാന്നിധ്യത്തില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മാപ്പു പറഞ്ഞു. മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അയാളെ പൊലീസ് സാന്നിധ്യത്തില്‍ വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് മാപ്പ് പറയുകയായിരുന്നു. സംഭവത്തില്‍ മാപ്പ് പറയുന്നു. ദൃശ്യങ്ങളില്‍ ഉള്ള മൂന്ന് പൊലീസുകാരോടും ജോലിയില്‍ പ്രവേശിക്കരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ പൊലീസ് വാഹനത്തില്‍ മര്‍ദ്ദനമേറ്റയാളെ എത്തിക്കാനാണ് ഇത്തരത്തില്‍ കൊണ്ടുപോകേണ്ടിവന്നെതെന്നും പൊലീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
പശുവിനെ കൊന്നു എന്നാരോപിച്ചായിരുന്നു ഖ്വാസിം, സമയുദ്ദീന്‍ എന്നിവരെ ആള്‍കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ ഖ്വാസിം കൊലപ്പെടുകയും ചെയ്തിരുന്നു. ഹാപൂരിലെ പിലാക്വയിലാണ് സംഭവം നടന്നത്. ഇവിടെ അയല്‍ഗ്രാമത്തില്‍ നിന്ന് ബൈക്കുകളിലെത്തിയ ഒരു സംഘം യുവാക്കള്‍ ഗോവധം നടത്തിയെന്ന് ആരോപിച്ച് ഖ്വാസിമിനെയും സമയുദ്ദീനെയും മര്‍ദ്ദിക്കുകയായിരുന്നു.