സിനിമാ ചരിത്രത്തില്‍ അപൂര്‍വമായ സംഭവം: റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചാണക്യതന്ത്രം ഡിവിഡിയില്‍

single-img
22 June 2018

റിലീസിനൊരുങ്ങുന്ന ചിത്രമാണ് ചന്ദ്രഗിരി. സിനിമാ ചരിത്രത്തില്‍ അപൂര്‍വമായ ഒരു സംഭവമാണ് ഈ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത്. ചാണക്യതന്ത്രം എന്ന ചിത്രത്തിന്റെ ഡിവിഡിയില്‍ ചന്ദ്രഗിരിയുടെ ക്ലൈമാക്‌സ് കടന്നുകൂടി. ചന്ദ്രഗിരിയുടെ ഏഴ് ഷോട്ടുകളാണ് ചാണക്യതന്ത്രം ഡിവിയിലുള്ളത്.

കഴിഞ്ഞ ദിവസമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചാണക്യതന്ത്രം സിനിമയുടെ ഡിവിഡി റിലീസിനെത്തുന്നത്. ചന്ദ്രഗിരി സിനിമയാകട്ടെ ഈ 28 ന് ആയിരുന്നു റിലീസ് വച്ചിരുന്നത്. ഇതേ തുടര്‍ന്ന് ചന്ദ്രഗിരിയുടെ നിര്‍മാതാവ് പരാതിയുമായി രംഗത്തെത്തി.

എന്നാല്‍ ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും പറ്റിയ തെറ്റാണെന്നാണ് ചാണക്യതന്ത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഫൈനല്‍ എഡിറ്റിന് നല്‍കിയ ഫയലിലാണ് അബദ്ധം പിണഞ്ഞതെന്നും തീയറ്ററില്‍ ഈ ഭാഗം ഇല്ലായിരുന്നെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

മാത്രമല്ല ഇങ്ങനെയൊരു സംഭവം അറിഞ്ഞ ഉടന്‍ അന്യഭാഷകളിലേക്ക് നല്‍കിയ സിനിമയുടെ പകര്‍പ്പ് പിന്‍വലിച്ച് പുതിയ ഫയല്‍ നല്‍കിയെന്നും ചാനലിന് നല്‍കിയ ഫയലില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും ഇവര്‍ അറിയിച്ചു. സ്റ്റുഡിയോയില്‍ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും സിനിമാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഈ സംഭവത്തില്‍ വേദനിക്കുന്നുവെന്നും ചാണക്യതന്ത്രം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു

മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചന്ദ്രഗിരി’. ലാല്‍, കൊച്ചുപ്രേമന്‍, ഹരീഷ് പേരഡി, സജിത മഠത്തില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മലയാളസിനിമയിലേക്ക് രംഗപ്രവേശം ചെയ്ത തിരുവനന്തപുരം സ്വദേശിനി ഷോണ്‍ ആണ് നായിക.