ലോകത്തിന്റെ കണ്ണുനീരായി ഈ കുരുന്ന്; ട്രംപിന്റെ ‘നെഞ്ചിലെ കരിങ്കല്ല്’ അലിയിച്ചതും ഈ ചിത്രം

single-img
21 June 2018

കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ കണ്ണീരായത് ഈ കുഞ്ഞാണ്. ഇവളുടെ വിങ്ങിപ്പൊട്ടിയുള്ള മുഖം മനസാക്ഷിയുള്ള ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. ഫോട്ടോഗ്രാഫറായ ജോണ്‍ മൂറാണ് ഈ ചിത്രം ക്യാമറയിലാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പ്രചരിച്ചതോടെ അത് വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവക്കുകയും അഭയാര്‍ഥി നയത്തില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന്റെ പിന്മാറ്റത്തിന് കാരണമാകുകയും ചെയ്തു.

ഹോണ്ടുറാസില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ ഈ അമ്മയും കുഞ്ഞും യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലാണ് നില്‍ക്കുന്നത്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമേരിക്കയുടെ ഫെഡറല്‍ ഏജന്റുമാരുടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടിവന്നു.

കുഞ്ഞിനെ താഴെ നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ അമ്മ അത് അനുസരിച്ചു. മതിയായ രേഖകളില്ലാതെ അതിര്‍ത്തിയിലെത്തുന്ന അഭയാര്‍ത്ഥികളോട് കടുത്ത നടപടി സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു ഈ സുരക്ഷാ പരിശോധന. ഇതുകണ്ട് പേടിച്ചുപോയ കുഞ്ഞ് അമ്മയെ നോക്കി വിങ്ങിപ്പൊട്ടുകയായിരുന്നു.

ഈ രംഗം ഫോട്ടോഗ്രാഫറായ ജോണ്‍ മൂര്‍ കൃത്യമായി പകര്‍ത്തി. ഒരച്ഛനെന്ന നിലയില്‍ ഈ ഫോട്ടോയെടുക്കുക എന്നത് തന്നെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു എന്നാണ് ജോണ്‍ മൂറിന്റെ വാക്കുകള്‍. പത്ത് വര്‍ഷമായി അഭയാര്‍ത്ഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫറാണ് മൂര്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ മനോഭാവത്തിന്റെ അടയാളമായി ഈ ചിത്രം വിലയിരുത്തപ്പെട്ടു. ഇതോടെ രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം ഒപ്പം നിര്‍ത്താന്‍ അനുവദിക്കുന്ന പുതിയ നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചത്.