ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാം; മുലയൂട്ടുന്ന ചിത്രം അശ്ലീലമല്ലെന്ന് കോടതി

single-img
21 June 2018

കൊച്ചി: വനിത മാഗസിന്‍ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്ന് കോടതി വിശദമാക്കി. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാന്‍ സാധിക്കുന്ന സാഹചര്യമാണ് കവര്‍ ചിത്രത്തെ സംബന്ധിച്ചുള്ളതെന്ന് കോടതി വിശദമാക്കി.

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു തുടങ്ങിയവരാണ് ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിച്ചത്. ചിത്രത്തിലെ അശ്ലീലത കാണാന്‍ പരമാവധി ശ്രമിച്ചെങ്കില്‍ കൂടിയും തങ്ങള്‍ക്ക് അതിന് സാധിച്ചില്ല, രാജാ രവിവര്‍മയുടെ ചിത്രങ്ങളില്‍ നോക്കുന്നത് പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും ജഡ്ജിമാര്‍ വിലയിരുത്തി.

സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണെന്നും അതുപോലെ തന്നെയാണ് അശ്ലീലതയെന്നും കോടതി നിരീക്ഷിച്ചു. പോക്‌സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണ് മുഖചിത്രമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ കോടതി ഇന്ത്യന്‍ കലാ സൃഷ്ടികള്‍ മനുഷ്യ ശരീരത്തെ എന്നും ആസ്വദിക്കുകയും ആഘോഷിക്കുകയും ആണ് ചെയ്തിട്ടുള്ളതെന്ന് പറഞ്ഞു. അജന്തയിലെയും കാമസൂത്രയിലെയും കലാസൃഷ്ടികകള്‍ ഇതിന് ഉദാഹരണമാണെന്നും ഇന്ത്യന്‍ മനസ്സിന്റെ പാകതയാണ് അത് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

സദാചാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരെയാണ് ചിത്രമെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. സത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുകയോ കുട്ടികളെ തെറ്റായ രീതിയില്‍ ചിത്രത്തിനായി ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.