ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നു; ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്ന് ഡിജിപി

single-img
21 June 2018

ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്ന് ഡി.ജി.പി. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റിന്റെ പേരില്‍ തെറ്റായ കണക്കുകളും ആരോപണങ്ങളുമാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇത് ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായും ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതായും ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു. പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിലെ ഉത്തരവുകള്‍ എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നതായി ഉറപ്പ് വരുത്തുമെന്നും ഡി.ജി.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ദാസ്യപ്പണി വിവാദത്തില്‍ പരാതിയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി മനോജ് ഏബ്രഹാമിന്റെയും നേതൃത്വത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ചു വന്ന വാര്‍ത്ത സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു മാനഹാനിയുണ്ടാക്കിയെന്നും അച്ചടക്കമാണു സേനയില്‍ പ്രധാനമെന്നും ഇതു തകര്‍ക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.

സര്‍ക്കാര്‍ അച്ചടക്ക നടപടിയിലേക്കു നീങ്ങുമ്പോഴും ചില ഉദ്യോഗസ്ഥര്‍ ക്യാമ്പ് ഫോളോവര്‍മാരെ ക്യാമ്പിലേക്കു മടക്കി അയയ്ക്കാന്‍ തയാറാകുന്നില്ലെന്നു കാട്ടി ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ഐപിഎസുകാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

ദാസ്യപ്പണി തടഞ്ഞു ഡിജിപി ഉത്തരവിറക്കിയ ശേഷവും തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപ് ഫോളോവര്‍മാരെ നിലനിര്‍ത്തിയിരിക്കുകയാണെന്നാണു ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്റെ പരാതി.