‘അയാം ഗോയിങ് ടു ഡൈ’ എന്ന് ആണ്‍സുഹൃത്തിന് ജെസ്‌നയുടെ അവസാന മൊബൈല്‍ സന്ദേശം; വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍

single-img
20 June 2018

കോട്ടയം മുക്കൂട്ട്തറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ഹര്‍ജി. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് 91 ദിവസം പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌ന രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്.

എരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നീട് പെണ്‍കുട്ടിയെ ആരുംകണ്ടില്ല. വീട്ടില്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ആദ്യം ഏരുമേലി പൊലീസിന് പരാതി നല്‍കി. പിന്നീട് വെച്ചുവിച്ചിറ പൊലീസിന് പരാതി നല്‍കി. റാന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ജെസ്‌നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ജെസ്‌നയെ കണ്ടെന്ന് സന്ദേശങ്ങളെത്തിയെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഇതൊക്കെ വ്യാജസന്ദേശങ്ങളാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

കേരളം കൂടാതെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിലൊന്നും കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ ജെസ്‌നയുടെ നാടിന്റെ സമീപപ്രദേശങ്ങളായ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പ്രത്യേക തെരച്ചില്‍ നടന്നുകൊണ്ടിരിക്കെയാണ്.

ഇതിലും കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ബന്ധുക്കള്‍ മുന്നോട്ടുവച്ചത്. ഇതിനിടെ ജസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. ജെസ്‌നയുടെ വീടിനു സമീപമാണ് ആണ്‍സുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്.

ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. ‘അയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്‌ന അയച്ചതും ആണ്‍സുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍ പറഞ്ഞു.

ആണ്‍സുഹൃത്തിനെ ഇതിനോടകം പല തവണ ചോദ്യം ചെയ്തു. ഇനിയും തുടരും. ചോദ്യം ചെയ്യലിനോടു നിസ്സഹകരണമാണ് ആണ്‍സുഹൃത്ത് തുടരുന്നത്. ഈ സാഹചര്യത്തില്‍ നുണപരിശോധനയ്ക്കു വിധേയനാക്കാനും തീരുമാനിച്ചിരുന്നു. ഇതിന് ഇയാളുടെ സമ്മതം ആവശ്യമുണ്ട്.

അതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും എസ്പി അറിയിച്ചു. ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു എസ്പി പറഞ്ഞു. സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.