വീണ്ടും പശുവിന്റെ പേരില്‍ കൊല: പശുക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

single-img
20 June 2018

പശുക്കടത്തുകാരനെന്ന് ആരോപിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലഖുവുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 45കാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരാണ് ആക്രമണത്തിനിരയായത്.

കാസിം ആശുപത്രിയില്‍ വെച്ച് മരിച്ചു. സമൂദുദ്ദീന്‍ ചികിത്സയിലാണുള്ളത്. അയല്‍ ഗ്രാമത്തിലെ ചിലരുമായുണ്ടായ തര്‍ക്കത്തിലാണ് ഇവര്‍ക്ക് മര്‍ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇരകളുടെ കുടുംബാംഗങ്ങള്‍, അറസ്റ്റിലായ രണ്ട് പ്രതികള്‍ എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ എടുക്കുന്നയാള്‍ ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കാലികളെ കശാപ്പ് ചെയ്തതിനാണ് ജനക്കൂട്ടം അക്രമം നടത്തിയതെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. കൊല്ലപ്പെട്ട ഖാസിം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

പശുവിനെ കശാപ്പ് ചെയ്‌തെന്ന ഊഹാപോഹങ്ങള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്, എന്നാല്‍ പശുക്കളോ ആയുധങ്ങളോ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹാപൂര്‍ എസ്പി സഹങ്കല്‍പ് ശര്‍മ പറഞ്ഞു. എന്നാല്‍ ഗാസിദാബാദില്‍ ബിജെപി എംഎല്‍എമാരും, എംപിമാരുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച്ച നടത്തുന്നതിനാല്‍ സ്ഥലത്ത് പോലീസ് അതീവജാഗ്രത പുലര്‍ത്തുന്ന സമയത്താണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.