‘അത്രയ്ക്കും കടുംകയ്യല്ലേ ആ പൊന്നുമോനോട് അവന്‍ കാട്ടിയത്; അവനെ രക്ഷിക്കാമെന്നു പറഞ്ഞ് വന്നവരെ ചില്ലിക്കാശിന്റെ സഹായം ചെയ്തുപോകരുതെന്ന് പറഞ്ഞാണ് മടക്കിയത്’: എട്ടു വയസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതികരണവുമായി പ്രതിയുടെ അമ്മ

single-img
19 June 2018

കാസര്‍കോട്: എട്ടു വയസ്സുകാരനായ ഫഹദിനെ സ്‌കൂളിലേയ്ക്ക് പോകും വഴി വെട്ടിക്കൊന്ന കേസില്‍ പ്രതി വിജയകുമാറിനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചതില്‍ പ്രതികരണവുമായി വിജയന്റെ അമ്മ കണ്ണോത്തെ വെള്ളച്ചി.

‘ഓന്‍ തെറ്റു ചെയ്തു. അതിനുള്ള ശിക്ഷയും കിട്ടി. ‘അത്രയ്ക്കും കടും കൈയല്ലേ ആ പൊന്നുമോനോട് അവന്‍ കാട്ടിയത്. എന്റെ മോന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് അയല്‍ക്കാരായ ആ കുഞ്ഞിന്റെ അമ്മയും വീട്ടുകാരുമാണ്’. അവനെ രക്ഷിക്കാമെന്നും കേസ് നടത്താന്‍ സഹായിക്കാമെന്നും പറഞ്ഞ് എനിക്കറിയാത്ത ചിലര്‍ ഇവിടെ വന്നിരുന്നു. ചില്ലിക്കാശിന്റെ സഹായം ചെയ്തുപോകരുതെന്ന് പറഞ്ഞാണ് അവരെ മടക്കിയത്’ വെള്ളച്ചി പറയുന്നു.

സഹോദരിക്കൊപ്പം സ്‌കൂളിലേക്കു പോകുംവഴിയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അയല്‍വാസിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിജയന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് സ്വദേശി അബ്ബാസിന്റെയും ആയിഷയുടെയും മകനാണ് മുഹമ്മദ് ഫഹദ്. 2015 ജൂലൈ ഒന്‍പതിനു രാവിലെ കല്യോട്ടിനു സമീപം ചന്തന്‍മുള്ളിലായിരുന്നു കൊലപാതകം.

ഒരു കാലിനു സ്വാധീനമില്ലാത്ത ഫഹദിനെ വാക്കത്തി കൊണ്ടു കഴുത്തിനും പുറത്തുമായി തുരുതുരാ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ട്രെയിന്‍ അട്ടിമറിക്കാന്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നല്‍കിയെന്ന കേസില്‍ വിജയന്‍ അറസ്റ്റിലായ സംഭവത്തിലുള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകനായ ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള വിരോധമായിരുന്നു കൊലപാതകത്തിനിടയാക്കിയതെന്നാണ് പ്രതി നല്‍കിയ മൊഴി.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാരെ പേടിച്ച് ഇവിടെ നിന്ന് മാറി നിന്നപ്പോള്‍ വീട്ടിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞത് ആ കുഞ്ഞിന്റെ വീട്ടുകാരാണെന്ന് വെള്ളച്ചി പറഞ്ഞു. നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ പേടിയാണെങ്കില്‍ തങ്ങളുടെ പഴയ വീട് വീട്ടുതരാമെന്നും ഫഹദ് മോന്റെ ഉപ്പ അബ്ബാസ് പറഞ്ഞതായും വെള്ളച്ചി വ്യക്തമാക്കി.

‘അവര്‍ ഇന്നും എന്നെ അന്യയായി കാണുന്നില്ല. എന്റെ എല്ലാ സുഖ ദുഃഖത്തിലും ഫഹദ് മോന്റെ കുടുംബം എനിക്കൊപ്പമുണ്ട്. ഒരുതരത്തിലും അവരോ ബന്ധുക്കളോ എന്നെയോ എന്റെ കുടുംബത്തെയോ ദ്രോഹിച്ചിട്ടില്ല. ‘സംഭവത്തിന്റെ തലേന്നും ഫഹദ്‌മോന്‍ ഇവിടെ വീട്ടില്‍ കളിക്കാനെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഞാനാ വീട്ടില്‍ പോയിരുന്നു. മോന്റെ ഉമ്മ ആയിഷ എന്നെ കണ്ടപ്പോള്‍ വേഗത്തില്‍ വന്ന് കൈപിടിച്ച് കസേരയില്‍ ഇരുത്തി. എനിക്ക് കരച്ചിലടക്കാനായില്ല. ഞാന്‍ വീങ്ങിപൊട്ടിയപ്പോള്‍ ആശ്വസിപ്പിച്ചത് അവരാണ്’. വെള്ളച്ചി പറഞ്ഞു.