തൃശ്ശൂരില്‍ അഞ്ചരമാസം മാത്രം വളര്‍ച്ചയുളളപ്പോള്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; അപൂര്‍വ്വനേട്ടമെന്ന് ഡോക്ടര്‍മാര്‍

single-img
19 June 2018

ആരോഗ്യരംഗത്ത് ഇത് അപൂര്‍വ്വനേട്ടം. അഞ്ചരമാസം മാത്രം വളര്‍ച്ചയുളളപ്പോള്‍ ജനിച്ച കുഞ്ഞ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങിയെത്തി. കണ്ണൂര്‍ സ്വദേശികളായ സതീഷ് ഷീന ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സതീഷ് ഷീന ദമ്പതികള്‍ക്ക് പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. മാര്‍ച്ച് 31ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു പ്രസവം. ഇരട്ടകുഞ്ഞുങ്ങളിലൊന്ന് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു.

നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണമെന്നിരിക്കെ കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന കാര്യം സംശയകരമായിരുന്നു. പ്രസവശേഷം 34 ദിവസം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.

വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം ഇവര്‍ക്ക് ആശുപത്രി വിടാനാകും.