കാന്‍സര്‍ ജീവിതത്തില്‍ എന്നെ തനിച്ചാക്കി; സിനിമയില്‍ നിന്ന് സഹായം കിട്ടിയത് ദിലീപില്‍ നിന്നെന്ന് കൊല്ലം തുളസി

single-img
19 June 2018

ആറ് വര്‍ഷം മുമ്പ് പിടിപെട്ട കാന്‍സര്‍ തന്നെ ജീവിതത്തില്‍ തനിച്ചാക്കിയെന്ന് നടന്‍ കൊല്ലം തുളസി. ആ സമയം സിനിമയില്‍ നിന്ന് സഹായം കിട്ടിയത് ദിലീപില്‍ നിന്നായിരുന്നുവെന്നും കൊല്ലം തുളസി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പതിവുള്ള പരിശോധനയ്ക്കിടയിലാണ് ചെവിയുടെ താഴെയുള്ള തടിപ്പു ശ്രദ്ധയില്‍പ്പെട്ടത്. വേദനയോ അസ്വസ്ഥതകളോ ഇല്ല. ബയോപ്‌സി ഫലം വന്നപ്പോള്‍ ലിംഫോമ. ഭയന്നില്ല. കാന്‍സറാണെന്നു വിശ്വസിക്കാന്‍ മടിച്ചു. മിക്കവാറും സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണല്ലോ, പ്രേക്ഷകര്‍ പ്രാകിയതാകുമെന്ന് കരുതി ചിരിച്ചു.

എന്നെ കൊല്ലാന്‍ വന്ന രോഗത്തെ ഞാന്‍ കൊല്ലുമെന്നു തീര്‍പ്പെടുത്തു. ആറുമാസം നീണ്ട കീമോതെറാപ്പിക്കുശേഷം വീണ്ടും സിനിമയിലെത്തി. രോഗം ജീവിതത്തില്‍ എന്നെ തനിച്ചാക്കി. ഒറ്റയ്ക്കാണു ചികില്‍സ നേരിട്ടത്. ഉറ്റവര്‍ അകന്നു. കടം വാങ്ങിയവരെ കാണാനില്ല. പണം എന്നില്‍നിന്നും കിട്ടാനുള്ളവര്‍ ബഹളംവച്ചു.

സിനിമയില്‍ നിന്നു സഹായം കിട്ടിയത് ദിലീപില്‍ നിന്നാണ്. രോഗം കാര്യമാക്കേണ്ട ചേട്ടന്‍ വാ എന്ന് വിളിച്ച് സൗണ്ട് തോമയില്‍ അഭിനയിപ്പിച്ചു. പ്രതീക്ഷിക്കാത്ത പ്രതിഫലവും തന്നു. അമച്വര്‍, പ്രഫഷണല്‍, റേഡിയോ, മിനിസ്‌ക്രീന്‍ അരങ്ങുകളില്‍ നടനായും എഴുത്തുകാരനായും സംവിധായകനായും തിളങ്ങിയ ശേഷമാണ് കൊല്ലം തുളസി സിനിമയിലെത്തുന്നത്.

1979 ല്‍ ഇറങ്ങിയ ‘മുഖ്യമന്ത്രി’ ആദ്യചിത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അവധിയെടുത്താണ് അഭിനയിച്ചത്. മുന്‍സിപ്പല്‍ സര്‍വീസില്‍ എല്‍ഡി ക്ലാര്‍ക്കായാണ് ജോലിയില്‍ കയറിയത്. 2004ല്‍ ഡപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. ഇതിനകം 250 സിനിമകള്‍ ചെയ്തു.