തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് കായികതാരങ്ങള്‍ അവശനിലയിലായിട്ടും അധികൃതരുടെ ക്രൂരത; വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടു

single-img
19 June 2018

തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

രൂക്ഷമായ പ്രശ്‌നമുണ്ടായിട്ടും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണു പരാതി. പകരം ഡോക്ടറെ ഹോസ്റ്റലിലെത്തിച്ചു ചികിത്സ നല്‍കുകയായിരുന്നു. സംഭവം പുറത്തറിയിച്ചതുമില്ല. കൂട്ടുകാര്‍ ഇപ്പോഴും അവശനിലയിലാണെന്നും ചില കുട്ടികള്‍ പറയുന്നു.

ഇക്കാര്യം പുറത്തറിയിക്കുമെന്നു പറഞ്ഞ കുട്ടികളെ പൂട്ടിയിട്ടതായും പരാതിയുണ്ട്. തങ്ങളെ വീട്ടിലോ ആശുപത്രിയിലോ കൊണ്ടു പോകണമെന്നാണു കുട്ടികളുടെ ആവശ്യം. രണ്ടുവര്‍ഷം മുന്‍പും സ്‌കൂളിലെ വിദ്യാര്‍ഥിള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.