എ.ടി.എമ്മിൽ എലികളുടെ സർജിക്കൽ സ്ട്രൈക്ക്; കടിച്ചുകീറിയത് 12 ലക്ഷം രൂപ

single-img
19 June 2018

എസ്.ബി.ഐ എ.ടി.എമ്മിൽ 12 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കടിച്ചുകീറി എലികളുടെ നോട്ടുനിരോധനം. ആസാമിലെ ടിൻസൂക്കിയ ജില്ലയിലാണ് സംഭവം നടന്നത്. മേയ് 19 ന് ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാണ് 29.48 ലക്ഷം രൂപ എ ടി എമ്മില്‍ നിക്ഷേപിച്ചത്.

മേയ് 20 ന് മെഷീന്‍ തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11ന് പണം നിക്ഷേപിച്ച കമ്പനി എ ടി എം തുറന്നു. അപ്പോഴാണ് 12.38 ലക്ഷം രൂപ ചുണ്ടെലികള്‍ കരണ്ട നിലയില്‍ കണ്ടെത്തിയത്. 500,2000 നോട്ടുകളാണ് കരണ്ടു നശിപ്പിക്കപ്പെട്ടവയില്‍ അധികവും. എലി കടിച്ചു മുറിച്ചതിൽ നിന്നും ഏതാണ്ട് 17 ലക്ഷം രൂപ വീണ്ടെടുക്കാനായെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

എന്നാൽ എ.ടി.എമ്മിനുള്ളിൽ കറൻസി നോട്ടുകൾ എലി കടിച്ചുമുറിച്ചെന്ന വിശദീകരണത്തിൽ സംശയമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പ്രതികരിച്ചു. സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടും അത് പരിഹരിക്കാൻ വൈകിയതെന്തെന്നാണ് നാട്ടുകാരുടെ ചോദ്യം. ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ നശിച്ച സംഭവത്തിന് പിന്നിൽ എലികൾ മാത്രമായിരിക്കില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ എസ്.ബി.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ബെംഗളുരൂവിലെ എ ടി എമ്മില്‍നിന്നുള്ളതെന്ന കുറിപ്പോടെ കരണ്ടുനശിപ്പിക്കപ്പെട്ട നോട്ടുകളുടെ ചിത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.