കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍

single-img
17 June 2018

ഇന്തോനേഷ്യയില്‍ വ്യാഴാഴ്ച കാണാതായ സ്ത്രീയെ ഒടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി തന്റെ ചോള തോട്ടത്തിലേക്ക് പോയ അന്‍പത്തിനാലുകാരിയായ വാ ടിബയെയാണ് കാണായത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ടിബയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.

വാ തിബയ്ക്കായി ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ തോട്ടത്തില്‍ ഒരു വലിയ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. വാ തിബയുടെ കയ്യിലുണ്ടായിരുന്ന കത്തി പാമ്പിന് സമീപത്ത് കിടക്കുന്നത് കണ്ടതോടെയാണ് തെരച്ചില്‍ നടത്തുന്നവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പാമ്പിനെ പിടികൂടി വയറ് കീറി പരിശോധിക്കുകയായിരുന്നു.

ഏഴുമീറ്റര്‍ നീളമുണ്ടായിരുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറുകീറിയപ്പോള്‍ നാട്ടുകാര്‍ സംശയിച്ചപോലെ വാ തിബയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ത്രീയുടെ തല ആദ്യം വിഴുങ്ങിയ പെരുമ്പാമ്പ് തുടര്‍ന്ന് ശരീരം അപ്പാടെ അകത്താക്കുകയായിരുന്നുവെന്ന് പ്രദേശത്തെ പൊലീസ് തലവന്‍ അറിയിച്ചു.

മുന ദ്വീപിലെ സുലവേസി കൂറ്റന്‍ പെരുമ്പാമ്പുകള്‍ നിരവധിയുള്ള പ്രദേശമാണ്. ഇന്തോനേഷ്യയിലും അയല്‍രാജ്യമായ ഫിലിപ്പൈന്‍സിലും ആറടിയലധികം നീളമുള്ള പെരുമ്പാമ്പുകള്‍ ധാരാളമുണ്ട്. ഇവിടെ നിന്ന് നേരത്തെയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.