എന്തിന് സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് ചോദിക്കുന്നവര്‍ ഈ വീഡിയോ കാണണം

single-img
17 June 2018

പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം.

അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ സീറ്റുബെൽറ്റ് ധരിക്കുന്നതിലൂടെ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനം വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പലരും സീറ്റ് ബെൽറ്റ് ധരിക്കാൻ തയ്യാറാകാറില്ല. സീറ്റ് ബെൽറ്റ് ധരിക്കാൻ പലർക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുരക്ഷയ്ക്ക് എന്നതിലുപരി പൊലീസ് ചെക്കിങ്ങിൽനിന്നു രക്ഷ നേടാനാണ് മിക്കവരും സീറ്റ് ബെൽറ്റ് ധരിക്കുന്നതുതന്നെ. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് ഒരു ഉത്തമപാഠമാണീ വിഡിയോ.

തായ്‌ലൻഡിലെ ഒരു ഹൈവേയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്കിൽനിന്നു ഡ്രൈവർ തെറിച്ച് എതിരെ വന്ന മറ്റൊരു വാഹനത്തിലേക്കു വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതും സീറ്റുബെൽറ്റ് ധരിക്കാത്തതുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

ആറുവരിപ്പാതയുടെ ഡിവൈഡറിൽ ഇടിച്ചതു മൂലമാണ് ഡ്രൈവർ തെറിച്ചു വീണത്. എതിരെ വന്ന ഒരു വാഹനത്തിന്റെ ഡാഷ്ബോർഡിലാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. പെട്ടെന്നുതന്നെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.