ബിജെപിയെ ഞെട്ടിച്ചു കെജ്‌രിവാളിന്റെ സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയാകുന്നു: പിണറായി അടക്കം നാല് മുഖ്യമന്ത്രിമാര്‍ മോദിയെ കണ്ടു

single-img
17 June 2018

ഐ.എ.എസുകാരുടെ സമരം തീര്‍ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലെഫ്.ഗവര്‍ണര്‍ ഓഫീസിന് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,​ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,​ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,​ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി എന്നിവരാണ് മോദിയുമായി ചര്‍ച്ച നടത്തിയത്.

നീതി ആയോഗ് യോഗത്തിനിടെ ആയിരുന്നു ഇവരുടെ കൂടിക്കാഴ്ച. സമരം അവസാനിപ്പിക്കാന്‍ മോദി ഇടപെടണമെന്ന് നാലുപേരും ആവശ്യപ്പെട്ടു. ഡല്‍ഹിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റേതെന്നും അവര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം കെജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയാകുന്നു. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കെജ്‌രിവാളിന് പിന്തുണയറിയിച്ചു. ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കെജ്‌രിവാളിന്റെ പ്രതിഷേധ സമരം കാരണമാകുന്നതായുള്ള സൂചനകളാണ് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാചര്യമെന്നാണ് വിലയിരുത്തല്‍.

മമത ബാനര്‍ജിയും പിണറായി വിജയനും ഒരു വേദിയില്‍ ഒന്നിച്ചെത്തുകയും കെജ്‌രിവാളിന് പിന്തുണ അറിയിക്കുകയും ചെയ്തത്, വിഘടിച്ചുനില്‍ക്കുന്ന കക്ഷികള്‍പോലും പൊതുവായ വിഷയത്തില്‍ ഒന്നിക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്. മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെതിരെ ഒരേ സ്വരത്തിലാണ് ഈ മുഖ്യമന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചത്.

ദിവസങ്ങള്‍ മുന്‍പുവരെ കെജ്‌രിവാള്‍ രാഷ്ട്രീയമായി സ്വീകാര്യതയുള്ള നേതാവായിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിശാലമായ ഒരു പ്രതിപക്ഷ സഖ്യത്തെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ എഎപി അതിന്റെ ഭാഗമായി കടന്നുവന്നിരുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കാളുടെ യോഗം വിളിച്ചപ്പോഴും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ ബിജെപി ഇതരരുടെ സംഗമത്തിലേക്കും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടില്ല.

എന്നാല്‍ ക്രമേണ കാര്യങ്ങള്‍ മാറിവരികയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടു. കമല്‍ ഹാസന്‍ തന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് തുടക്കം കുറിച്ചപ്പോഴും കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നു.

ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ കെജ്‌രിവാള്‍ സമരം ആംരഭിച്ച ആദ്യഘട്ടത്തില്‍ എഎപി ഒറ്റയ്ക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നീതി ആയോഗില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് വളരുകയായിരുന്നു. കഴിഞ്ഞ ദിവസം ആര്‍ജെഡി എംപി മനോജ് ഝാ കെജ്‌രിവാളിന്റെ വീട് സന്ദര്‍ശിക്കുകയും എഎപി നേതാക്കളെ കണ്ട് പിന്തുണയറിയിക്കുകയും ചെയ്തു. സ്വതന്ത്ര സംസ്ഥാനം എന്ന എഎപിയുടെ ആവശ്യത്തിന് സമ്ബൂര്‍ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കെജ്‌രിവാളിന് ലഭിക്കുന്ന പിന്തുണ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ സഖ്യത്തിന് വേദിയാകുമ്ബോഴും കോണ്‍ഗ്രസ് ഇതിന്റെ ഭാഗമാകാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, കെജ്‌രിവാള്‍ നടത്തുന്ന സമരത്തെ പരിഹസിക്കാനും കോണ്‍ഗ്രസ് തയ്യാറായി. പരാജയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാഹചര്യം കോണ്‍ഗ്രസിനെ മാറ്റി ചിന്തിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

സിപിഎം, സിപിഐ, ജെഡിഎസ്, ടിഡിപി, ആര്‍ജെഡി, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികളില്‍നിന്ന് കെജ്‌രിവാളിനു കിട്ടുന്ന പിന്തുണ ഫലത്തില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ നിലപാടാവുകയാണ്. അതുകൊണ്ടുതന്നെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കക്ഷികളുടെ സഖ്യത്തെ കോര്‍ത്തിണക്കാനുള്ള കണ്ണിയായി കെജ്‌രിവാള്‍ മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.