രണ്ട് ആത്മഹത്യകള്‍ക്കും പിന്നിലുള്ള കാരണം ഒന്നുതന്നെ; മൂന്നുവര്‍ഷം മുമ്പ് തന്നെ തകര്‍ത്തുകളഞ്ഞ ആ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് ദീപിക

single-img
16 June 2018

ഒരു കാലത്ത് വിഷാദരോഗത്തിന് അടിമയായിരുന്നു ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍. ദീപിക തന്നെ അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിഷാദരോഗത്തില്‍ നിന്നു മുക്തയായതിനെത്തുടര്‍ന്നാണ് ദീപിക ലിവ് ലവ് ലാഫ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. വിഷാദ രോഗം ബാധിച്ചവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സാമ്പത്തികമായോ സാമൂഹികമായോ ഉയര്‍ന്നവരെന്നോ പ്രശസ്തരെന്നോ പ്രഗത്ഭരെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും വരാം ഡിപ്രഷന്‍ എന്നു പലതവണ പറഞ്ഞിട്ടുണ്ട് 32 വയസ്സുകാരിയായ ദീപിക. ലിവ് ലവ് ലാഫ് ഫൗണ്ടേഷന്റെ ഇന്‍സ്റ്റഗ്രാമില്‍ ദീപിക കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. വിഷാദരോഗത്തിനെതിരെയാണ് ദീപികയുടെ പോസ്റ്റ്.

‘ഒരിക്കല്‍ രക്ഷപെടുകയായിരുന്നു. നേരിയ വ്യത്യാസത്തിന്. പക്ഷേ, ആ ഓര്‍മ ഇന്നുമുണ്ട്. ഇനിയെന്നുമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ അതിന്റെ സൂചനകളോ ലക്ഷണങ്ങളോ കാണുമ്പോള്‍ മുന്നറിയിപ്പു തരാതിരിക്കാനാകില്ല’, ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിഷാദരോഗത്തില്‍ അകപ്പെട്ട് കഴിഞ്ഞയാഴ്ച ലോകത്തിനു നഷ്ടപ്പെട്ടത് രണ്ടു പ്രതിഭാശാലികളെയാണ്. വിഖ്യാത ഷെഫും പാചക കലാ വിമര്‍ശകനും എഴുത്തുകാരനുമായ ആന്റണി ബോര്‍ഡെയിന്‍, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കേറ്റ് സ്‌പെയ്ഡ് എന്നിവരുടെ അകാലത്തിലുള്ള അപ്രതീക്ഷിത മരണങ്ങളെക്കുറിച്ചാണു ദീപിക തന്റെ പോസ്റ്റിലൂടെ പരാമര്‍ശിക്കുന്നത്. ന്യൂയോര്‍ക്കിലെ അപാര്‍ട്ട്‌മെന്റില്‍ ഈ മാസമാദ്യം ജീവനൊടുക്കുകയായിരുന്നു കേറ്റ്. മൂന്നു ദിവസങ്ങള്‍ക്കുശേഷം സിഎന്‍എന്‍ ചാനലിലെ പ്രശസ്തമായ ‘പാര്‍ട്‌സ് അണ്‍നോണ്‍’ പരമ്പരയുടെ ചിത്രീകരണത്തിനു ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗിലായിരിക്കെ, ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു ആന്റണി ബോര്‍ഡെയിനിനെ. രണ്ടും ആത്മഹത്യകള്‍.

രണ്ടു മരണങ്ങള്‍ക്കും പിന്നിലുള്ള കാരണം വിഷാദരോഗം തന്നെ. മൂന്നുവര്‍ഷം മുമ്പ് തന്നെ തകര്‍ത്തുകളഞ്ഞ വിഷാദ രോഗത്തെക്കുറിച്ച് ദീപിക വീണ്ടും വാചാലയായി. വിഷാദം വലിയൊരു വിപത്തായി മാറിയിരിക്കുകയാണെന്നും ദീപിക കുറിച്ചു. രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകളുണ്ട്. ബോര്‍ഡെയിനും കേറ്റും അവരിരുവരുടെയും മേഖലകളിലെ കിരീടം വയ്ക്കാത്ത രാജാവും രാജ്ഞിയുമായിരുന്നു. ലോകത്തെ എന്നും തങ്ങളുടെ പ്രതിഭയാല്‍ വിസ്മയിപ്പിച്ചവര്‍. ആരാധകരേറെയുണ്ടായിരുന്നു ഇരുവര്‍ക്കും. പ്രശസ്തിയും പണവും ആവോളമുണ്ടായിരുന്നു. ലോകത്തിനുമുന്നില്‍ എന്നുമവര്‍ ചിരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടു. ഭാഗ്യം ചെയ്തവര്‍ എന്നവരെ വാഴ്ത്തി. അവരുടെ സന്തോഷം നോക്കൂ എന്നു പരസ്പരം പറഞ്ഞു. എന്നിട്ടും എങ്ങനെ അവര്‍ വിഷാദരോഗികളായി മാറി: ദീപിക ചോദിക്കുന്നു.

വിഷാദരോഗത്തെ രോഗികള്‍ക്കു നിയന്ത്രിക്കാന്‍ കഴിയും എന്നു വ്യാപകമായ ഒരു തെറ്റിദ്ധാരണയുണ്ട്. യഥാര്‍ഥത്തില്‍ മറിച്ചാണു കാര്യങ്ങള്‍. രോഗം രോഗികളെ കാര്‍ന്നൊടുക്കുന്നു. ചികില്‍സയോ പരിചരണമോ ഇല്ലാതെ രോഗികള്‍ കഷ്ടപ്പെടുന്നു. വിഷാദം ബാധിച്ചവര്‍ സ്വന്തം കാര്യങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാത്തവരായി മാറുന്നു. എവിടെ പോകണം എപ്പോള്‍ പോകണം എങ്ങോട്ടു പോകണം എന്തു കഴിക്കണം എപ്പോള്‍ ഉറങ്ങണം തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് രോഗമാണ്. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു പകര്‍ച്ചാവ്യാധിയാണ് വിഷാദ രോഗം. പക്ഷേ, രോഗം ബാധിച്ചവര്‍പോലും വിവരങ്ങള്‍ മറച്ചുവയ്ക്കുകയും സഹായം തേടാതിരിക്കുകയും ചെയ്യുന്നു. കാലൊടിഞ്ഞവരോട് ഓടാന്‍ ആജ്ഞാപിക്കുന്നതുപോലെയാണ് രോഗികളോട് സാധാരണപോലെ പെരുമാറാന്‍ പറയുന്നതും- ദീപിക പറയുന്നു.